തിരുവനന്തപുരം: ലഹരിക്കടത്തിൽ സി.പി.എം ബന്ധമെന്ന പ്രതിപക്ഷ ആരോപണത്തിൽ തിളച്ച് നിയമസഭ. ആരോപണത്തെ സി.പി.എം അംഗങ്ങൾ ശക്തമായി പ്രതിരോധിച്ചതോടെ സഭ പലതവണ ബഹളത്തിൽ മുങ്ങി. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടി നൽകിയ നോട്ടീസിൽ മാത്യു കുഴല്നാടന് സംസാരിക്കുമ്പോൾ സംസ്ഥാനമെമ്പാടുമുള്ള ലഹരിക്കടത്തിൽ സി.പി.എമ്മിന് രാഷ്ട്രീയ രക്ഷാകർതൃത്വമുണ്ടെന്ന് ആരോപിച്ചതാണ് തർക്കത്തിന് വഴിതുറന്നത്.
നോട്ടീസിന് മറുപടി പറഞ്ഞ മന്ത്രി എം.ബി. രാജേഷ് പ്രതിപക്ഷ ആരോപണങ്ങളോട് വിയോജിച്ചെങ്കിലും വാക്കുകളിൽ മിതത്വം പാലിച്ചു. എന്നാൽ, ആരോപണങ്ങളെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി നേരിട്ടത്. സി.പി.എം പോലുള്ള ഒരു പാര്‍ട്ടിയെപ്പറ്റി എന്ത് അസംബന്ധവും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാന്‍ പറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്താണ് മാത്യു കുഴല്നാടന് അവതരിപ്പിച്ച കാര്യങ്ങള്‍? എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്? എന്തും വിളിച്ചുപറയുന്ന ഒരാളാണ് എന്നതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ? ഇങ്ങനെയാണോ സഭയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്? ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്? എന്തിനും ഒരു അതിരുവേണം. ആ അതിര് ലംഘിച്ച് പോകാന്‍ പാടില്ല - മുഖ്യമന്ത്രി രൂക്ഷസ്വരത്തിൽ പറഞ്ഞു.
തികഞ്ഞ ഉത്തരവാദിത്തത്തോടെ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ മാത്യു കുഴൽനാടന് നിർദേശം നൽകിയത് താനാണെന്നും തെളിവുകളുടെ ബലത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു. സംസ്ഥാനമെമ്പാടും സി.പി.എം ബന്ധമുള്ളവരുടെ നേതൃത്വത്തിലാണ് ലഹരിക്കടത്ത് നടക്കുന്നതെന്ന് ആരോപിച്ച കുഴൽനാടൻ, സി.പി.എമ്മിലെ ഒരുവിഭാഗം നേതാക്കൾ പാർട്ടിയുടെ ചവിട്ടുപടി കയറുന്നത് ഈ പണം ഉപയോഗിച്ചാണെന്നും കുറ്റപ്പെടുത്തി. ലഹരിക്കടത്തിലെ സി.പി.എം ബന്ധം വളരെക്കാലം മുമ്പ് തുടങ്ങിയതാണെന്നും മണിച്ചൻ കേസിലെ വിധിയിൽ രാഷ്ട്രീയനേതാക്കളുടെ പങ്ക് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സി.പി.എം നേതാവ് ഷാനവാസിന് സംഭവത്തിൽ ബന്ധമില്ലെന്ന് ക്ലീൻ ചിറ്റ് നൽകിയതിലൂടെ യജമാനന്റെ വെപ്രാളമാണ് കണ്ടത്. കുട്ടനാട്ടിലെ സി.പി.എം പ്രവർത്തകർ പാർട്ടി വിട്ടുപോകുന്നത് ലഹരി മാഫിയ ബന്ധങ്ങളിൽ മനംമടുത്താണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ സി.പി.എം അംഗങ്ങൾ ബഹളം തുടങ്ങുകയും നേരിടാൻ പ്രതിപക്ഷനിര ശ്രമിക്കുകയും ചെയ്തതോടെ സഭ ബഹളത്തിൽ മുങ്ങി. സ്പീക്കർ ഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. വിഷയത്തിൽ ഇടപെടാതെ സി.പി.ഐ അംഗങ്ങൾ മൗനംപാലിച്ചതും ശ്രദ്ധേയമായി. മണിച്ചൻ കേസിൽ പ്രതികളെ അറസ്റ്റുചെയ്തത് സി.പി.എം ഭരിച്ചപ്പോഴാണെന്നും മണിച്ചൻ തഴച്ചുവളർന്നത് കോൺഗ്രസ് ഭരണത്തിലാണെന്നും മന്ത്രി രാജേഷ് മറുപടി നൽകി. സംസ്ഥാനത്ത് ലഹരിക്കടത്തുകളിൽ പിടിയിലായവരുടെ പട്ടിക വായിച്ചാൽ പ്രതിപക്ഷത്തിന് സഭക്ക് പുറത്തിറങ്ങി പോകേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞപ്പോൾ, തന്റെ കൈവശമുള്ള പ്രതിപ്പട്ടിക വായിച്ചാൽ ഭരണപക്ഷത്തിന് വാക്കൗട്ട് നടത്തേണ്ടിവരുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. ഷാജഹാന് ക്ലീൻ ചിറ്റ് നൽകിയെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയ മന്ത്രി സജി ചെറിയാൻ, മറിച്ചാണെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. പ്രതികളുടെ രാഷ്ട്രീയ ബന്ധം നോക്കി പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തുകയോ നീക്കുകയോ ചെയ്യുന്നതല്ല എൽ.ഡി.എഫ് സർക്കാറിന്റെ രീതിയെന്ന് മന്ത്രി രാജേഷും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.