തിരുവനന്തപുരം: വർഗീയ ശക്തികളുമായുള്ള ബന്ധത്തിന്റെ പേരിൽ പരസ്പരം കുറ്റംചാർത്തിയും കടന്നാക്രമിച്ചും സർക്കാറും പ്രതിപക്ഷവും. സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വർഗീയ ശക്തികളുമായി ചേർന്ന് സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോൾ തീവ്രവാദ സംഘടനകളെപോലെ പ്രവർത്തിക്കുന്ന സി.പി.എം തങ്ങളെ പഠിപ്പിക്കാൻ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
വർഗീയ ശക്തികളെ സർക്കാർ പ്രീണിപ്പിച്ചതിന്റെ ഫലമായാണ് പൊലീസിൽ ഉൾപ്പെടെ അവരുടെ കടന്നുകയറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രമസമാധാന തകർച്ച സംബന്ധിച്ച് എൻ. ഷംസുദ്ദീൻ അവതരണാനുമതി തേടിയ അടിയന്തരപ്രമേയ നോട്ടീസിലായിരുന്നു ഭരണ-പ്രതിപക്ഷ പോര്. നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
കേരളം തെക്കുവടക്ക് ഗുണ്ടാ ഇടനാഴി ആയെന്ന് ആരോപിച്ച ഷംസുദ്ദീൻ, തുടർച്ചയായ കൊലപാതകങ്ങളും ഗുണ്ടാ അക്രമങ്ങളും കാരണം സംസ്ഥാനത്ത് ജനം ഭീതിയിലാണെന്ന് പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് മുൻകൂട്ടി അറിയിച്ചിട്ടും ഗൗനിക്കാത്ത പൊലീസിന്റെ നിലപാട് കാരണമാണ് കണ്ണൂരിൽ സി.പി.എം പ്രവർത്തകൻ ഹരിദാസ് കൊല്ലപ്പെട്ടത്. സ്വന്തം പാര്‍ട്ടിക്കാരന്റെ ജീവന് രക്ഷിക്കാന്‍പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് കൊലപാതകങ്ങളും അക്രമവും വർധിക്കുന്നെന്ന പ്രതിപക്ഷവാദം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച ക്രമസമാധാന നിലയാണ് ഇവിടെയുള്ളത്. ഇടുക്കിയിൽ കോളജ് വിദ്യാർഥിയെ സ്വന്തം അണികൾ കൊലപ്പെടുത്തി കലാലയങ്ങളെ സംഘർഷഭൂമിയാക്കാൻ ശ്രമിച്ചത് പരാമർശിക്കാൻപോലും തയാറാകാതെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആകെ ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. അതിൽ മൂന്നെണ്ണത്തിൽ ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരും രണ്ടെണ്ണത്തിൽ എസ്.ഡി.പി.ഐക്കാരും ഒന്നിൽ കോൺഗ്രസുകാരുമാണ് പ്രതികൾ. യു.ഡി.എഫും ബി.ജെ.പിയും എസ്.ഡി.പി.ഐയും ചേർന്ന് നാടിനെ കുരുതിക്കളമാക്കാൻ നോക്കുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജീവിക്കാനുള്ള അവകാശം പോലും പിണറായി ഭരണത്തിൽ നഷ്ടമായെന്ന് ഇറങ്ങിപ്പോക്ക് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പൊലീസിന്റെ ആത്മവീര്യം തകർക്കുന്ന പാർട്ടി ഇടപെടലും പഴയകാല സെൽഭരണത്തിന്റെ പുതിയ രൂപവുമാണ് ഇവിടെയുള്ളത്. യു.ഡി.എഫ് ക്രമസമാധാനം തകർക്കുന്നെന്ന് മുഖ്യമന്ത്രി പറയുന്നതിനെ ഒരു തമാശയായേ കാണുന്നുള്ളൂ. തീവ്രവാദ സംഘങ്ങളെക്കാൾ ക്രൂരമായി പ്രവർത്തിക്കുന്നവരാണ് വർഗീയകാര്യത്തിൽ യു.ഡി.എഫിനെ ഉപദേശിക്കാൻ നോക്കുന്നത്. ഭരണമുന്നണിയിലെ സി.പി.ഐക്കാർക്കുപോലും സംസ്ഥാനത്ത് രക്ഷയില്ലാത്ത സ്ഥിതിയാണെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.