സമരം ശക്തമാക്കി അസോസിയേഷൻ 19ന് വൈദ്യുതിഭവൻ ഉപരോധിക്കും

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന സമരം ശക്തമാക്കി കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന്‍, 19 ന് വൈദ്യുതി ഭവന്‍ ഉപരോധിക്കും. ചൊവ്വാഴ്ച വൈദ്യുതിഭവൻ വളഞ്ഞ് ഉപരോധിക്കാനാണ് തീരുമാനം. അതിനിടെ പ്രശ്നപരിഹാരത്തിനായി 18 ന് ചർച്ച വിളിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ചർച്ച തങ്ങളെ അറിയിച്ചിട്ടില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. കേന്ദ്ര സർക്കാറിനുവേണ്ടി കെ.എസ്.ഇ.ബിയെ ചെയർമാൻ ബി. അശോക് തകർക്കാൻ ശ്രമിക്കുകയാണെന്നും ചെയർമാന്‍റെ രാഷ്ട്രീയം വ്യക്തമായെന്നും അസോസിയേഷൻ വർക്കിങ് പ്രസിഡന്‍റ് ആർ. ബാബു പറഞ്ഞു. എന്നാൽ, ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന നിലപാട് ചെയർമാനും കൈക്കൊണ്ടതോടെ പ്രശ്നപരിഹാരം രൂക്ഷമായി തുടരുകയാണ്.

സസ്പെൻഷൻ പിൻവലിച്ചെങ്കിലും കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിയാണ് ഒരിഞ്ചും വിട്ടുവീഴ്ചക്കില്ലെന്ന് ചെയർമാൻ വ്യക്തമാക്കിയത്. ചെയർമാന് വൈദ്യുതിമന്ത്രി പരിപൂർണ പിന്തുണ നൽകുമ്പോൾ സി.പി.എം വഴി പ്രശ്ന പരിഹാരം തേടാനായിരുന്നു അസോസിയേഷൻ ശ്രമം. പാർട്ടി ഇടപെടൽ വഴി തിങ്കളാഴ്ച വൈദ്യുതിമന്ത്രി ചർച്ച നടത്തുമെന്ന പ്രചാരണം ഉണ്ടായെങ്കിലും ഔദ്യോഗിക ചർച്ചയില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിട്ടുവീഴ്ചക്ക് തയാറല്ലെന്നും സ്ഥലംമാറ്റ നടപടികൾ പിൻവലിക്കണമെന്നുമുള്ള ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് അസോസിയേഷൻ. 

ബി ഹരികുമാറിന്‍റ സസ്‌പെൻഷൻ പിൻവലിച്ചു; സ്ഥലംമാറ്റി

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാറിന്‍റെ സസ്‌പെൻഷൻ പിൻവലിച്ചു. സ്ഥലം മാറ്റത്തോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. പാലക്കാട് ആന്‍റി പവർ തെഫ്റ്റ് സ്‌ക്വാഡിലാണ് ബി. ഹരികുമാറിന്‍റെ പുതിയ നിയമനം. സസ്‌പെൻഷൻ പിൻവലിക്കുന്നതിനൊപ്പമുള്ള സ്ഥലംമാറ്റ നടപടിയിൽ അസോസിയേഷൻ കടുത്ത അതൃപ്‌തിയിലാണ്. എം.ജി. സുരേഷ് കുമാറിന്‍റെ സ്ഥലം മാറ്റം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹരികുമാറിനെയും സ്ഥലംമാറ്റിയത്.

Tags:    
News Summary - Association intensified the strike power house will be cordoned off on the 19th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.