കൊച്ചി: സ്വകാര്യ ടെലികോം കമ്പനികൾ നിരക്ക് വർധിപ്പിച്ചതോടെ ബി.എസ്.എൻ.എൽ കണക്ഷന് ആവശ്യക്കാർ ഏറുന്നു. ഒരു മാസത്തിനിടെ കേരളത്തിൽ ഒരു ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ നേടാൻ ബി.എസ്.എൻ.എല്ലിന് കഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 10 ദിവസത്തിനിടെ സംസ്ഥാനത്ത് 29,511 പുതിയ ഉപഭോക്താക്കൾ ബി.എസ്.എൻ.എല്ലിൽ എത്തി.
പ്രതിദിനം മൂവായിരത്തിലധികം പുതിയ ഉപഭോക്താക്കളും എത്തുന്നു. സ്വാകാര്യ കമ്പനികൾ നിരക്ക് വർധിപ്പിച്ചതിനുപുറമെ ബി.എസ്.എൻ.എല്ലിന്‍റെ ഫോർ -ജി സംവിധാനം കൂടുതൽ ശക്തിപ്പെടുത്തിയതും കൂടുതൽ ഉപഭോക്താക്കൾ എത്താൻ കാരണമായതായി ബി.എസ്.എൻ.എൽ അധികൃതർ പറയുന്നു.
പുതിയ ഉപഭോക്താക്കളിൽ 13,858 പേർ പോർട്ടിങ് സംവിധാനം വഴിയാണ് എത്തിയത്. ജൂലൈയിൽ മാത്രം 91,479 പേർ ബി.എസ്.എൻ.എൽ കസ്റ്റമറായി മാറിയിരുന്നു. ഇതിൽ 34,466 പേർ സിം പോർട്ട് ചെയ്തവരാണ്. കേരളത്തില്‍ 5-ജി സേവനം 2025ഓടെ ലഭ്യമാക്കുമെന്ന് ബി.എസ്.എൻ.എൽ മാർക്കറ്റിങ് പ്രിൻസിപ്പൽ ജനറൽ മാനേജർ കെ. സാജു ജോർജ് ‘മാധ്യമ’ ത്തോട് പറഞ്ഞു.
ഇടുക്കി, വയനാട് ജില്ലകളിലെ വിദൂര ആദിവാസി മേഖലകളിലുൾപ്പെടെ 367 ടവർ സ്ഥാപിക്കാനുള്ള നടപടികളും ബി.എസ്.എൻ.എൽ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിൽ 62 എണ്ണം പൂർത്തിയായി ബി.എസ്.എൻ.എൽ വൃത്തങ്ങൾ പറയുന്നു.
അതിവേഗ ഇന്‍റർനെറ്റ് സൗകര്യം നൽകാൻ സാധിക്കാത്തതിനെ തുടർന്ന് ബി.എസ്.എൻ.എല്ലിൽനിന്ന് ഉപഭോക്താക്കൾ അകന്നുപോയിരുന്നു. ഇവരെ പിടിച്ചു നിർത്തുക എന്ന ലക്ഷ്യത്തിലാണ് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നത്.
നിലവിൽ 7000 ടവറാണ് സംസ്ഥാനത്ത് ബി.എസ്.എൻ.എല്ലിനുള്ളത്. അടുത്ത മാർച്ചോടെ 500 ടവർകൂടി സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. ഉപഭോക്താക്കളുടെ എണ്ണം കൂട്ടാന്‍ എക്സ്ചേഞ്ച് വഴിയും ഷോപ്പുകൾ വഴിയും സിം ലഭ്യമാക്കാനുള്ള കാമ്പയിനുകൾ ജില്ലതോറും തുടങ്ങിയിട്ടുണ്ട്. പോർട്ടിങ്ങിനും പുതിയ കണക്ഷൻ നേടുന്നതിനുമുള്ള സംവിധാനങ്ങൾ ഒരുക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷം ആദ്യം തന്നെ 5-ജി സേവനംകൂടി ലഭ്യമാക്കി മറ്റ് സേവന ദാതാക്കളുമായി മത്സരത്തിന് തയാറെടുക്കുകയാണ് ബി.എസ്.എൻ.എൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.