തിരുവനന്തപുരം: അസി. പ്രഫസർ നിയമന യോഗ്യത പുതുക്കിയ സർക്കാർ ഉത്തരവ് നേരത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ തള്ളിയ നിർദേശമെന്ന് ആക്ഷേപം. കോളജ് അധ്യാപക യോഗ്യത പരീക്ഷയായ യു.ജി.സി നെറ്റിന് തത്തുല്യമായി ചില സംസ്ഥാനങ്ങളിൽ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് (െസ്ലറ്റ്) എന്നിവ കേരളത്തിലും അംഗീകരിക്കുന്ന നിർദേശമാണ് നേരത്തേ ഉന്നത വിദ്യാഭ്യാസ കൗൺസിൽ തള്ളിയത്. ഇതാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി ഇറക്കിയത്. ഇത് കോളജ് അധ്യാപക നിയമനത്തിന് നിശ്ചയിച്ച യോഗ്യതയിൽ വെള്ളം ചേർക്കാനുള്ള നീക്കമെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നെറ്റിന് തത്തുല്യമായി നടത്തുന്ന സെറ്റ് പരീക്ഷ മാതൃകയിൽ കേരളത്തിലും യോഗ്യത പരീക്ഷ നടത്തുന്നത് സംബന്ധിച്ച് എൽ.ബി.എസ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽനിന്ന് അഭിപ്രായം തേടിയിരുന്നു. ഇതു തള്ളിയ കൗൺസിൽ സംസ്ഥാനത്ത് കോളജ് അധ്യാപക നിയമനത്തിന് നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവമില്ലെന്നും സമാന്തര പരീക്ഷ നടത്തുന്നത് ഗുണനിലവാരത്തിൽ വെള്ളം ചേർക്കുന്നതിന് തുല്യമാകുമെന്നും അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്ത് നിലവിൽ നടത്തുന്ന ‘സെറ്റ്’ ഹയർസെക്കൻഡറി അധ്യാപക യോഗ്യത പരീക്ഷയാണ്.
ചില സംസ്ഥാനങ്ങളിൽ നെറ്റിന് തത്തുല്യമാക്കി നടത്തുന്ന സെറ്റ്/ െസ്ലറ്റ് പരീക്ഷകൾ അതത് സംസ്ഥാനങ്ങളിലെ കോളജ് അധ്യാപക നിയമനങ്ങൾക്ക് യോഗ്യതയായി യു.ജി.സി അംഗീകരിച്ചിട്ടുണ്ട്. 2018ലെ യു.ജി.സി റെഗുലേഷനിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയതിന്റെ മറവിലാണ് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിലെ സെറ്റ്/ െസ്ലറ്റ് പരീക്ഷകൾ സംസ്ഥാനത്ത് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള കോളജുകളിൽ നിയമനത്തിന് യോഗ്യതയാക്കി ഉത്തരവിറക്കിയത്. ഫലത്തിൽ നെറ്റ് യോഗ്യതയില്ലാത്തവർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് സെറ്റ്/ െസ്ലറ്റ് യോഗ്യത നേടി വന്നാൽ കേരളത്തിൽ അംഗീകരിക്കേണ്ടിവരും. ഇത്തരത്തിൽ യോഗ്യത നേടിയവർക്കുവേണ്ടിയാണ് സംസ്ഥാന സാഹചര്യത്തിൽ പ്രസക്തിയില്ലാത്ത യു.ജി.സി റെഗുലേഷൻ വ്യവസ്ഥ ഉത്തരവായി ഇറക്കിയത്. ഈ ഉത്തരവോടെ ഇതരസംസ്ഥാനങ്ങളിലെ സെറ്റ്/ െസ്ലറ്റ് പരീക്ഷ എഴുതി യോഗ്യത നേടാൻ ശ്രമം നടത്തുന്നവരുടെ എണ്ണം വൻതോതിൽ വർധിക്കും. കോളജ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി കഴിഞ്ഞ ഏപ്രിൽ 11ന് 50 വയസ്സായി ഉയർത്തിയിരുന്നു. നെറ്റ് യോഗ്യതയില്ലാത്തവർക്ക് പ്രായപരിധി ഉയർത്തിയതിന്റെ ആനുകൂല്യം ഉപയോഗിക്കാൻ കൂടി ലക്ഷ്യമിട്ടാണ് സെറ്റ്/ െസ്ലറ്റ് കൂടി യോഗ്യതയായി അംഗീകരിച്ചത്. കോളജ് പ്രിൻസിപ്പൽ, പ്രഫസർ, അസോസിയേറ്റ് പ്രഫസർ നിയമനങ്ങളിൽ യു.ജി.സി റെഗുലേഷനിൽ നിർദേശിച്ച യോഗ്യത പൂർണമായി പാലിക്കാതിരുന്ന സർക്കാറാണ് ഇപ്പോൾ യു.ജി.സി റെഗുലേഷൻ വ്യവസ്ഥ എന്ന പേരിൽ സംസ്ഥാനത്തില്ലാത്ത സെറ്റിനും െസ്ലറ്റിനും കേരളത്തിലെ അധ്യാപക നിയമനങ്ങൾക്ക് യോഗ്യതയാക്കി ഉത്തരവിറക്കിയത്.
2002 ജൂണിന് ശേഷമുള്ള സെറ്റിന് അംഗീകാരം അതത് സംസ്ഥാനങ്ങളിൽ മാത്രം
തിരുവനന്തപുരം: 2002 ജൂൺ ഒന്നിന് ശേഷം നേടിയ സെറ്റ് യോഗ്യത, പരീക്ഷ നടത്തിയ സംസ്ഥാനങ്ങളിൽ മാത്രമേ അസി. പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യതയായി യു.ജി.സി അംഗീകരിച്ചിട്ടുള്ളൂ. ഇക്കാര്യം യു.ജി.സി നെറ്റ് പരീക്ഷ സംബന്ധിച്ച വ്യവസ്ഥകളിൽ വ്യക്തമാക്കിയിട്ടുണ്ട്. 2002 ജൂൺ ഒന്നിന് മുമ്പ് നേടിയ സെറ്റ് മാത്രമേ ഇന്ത്യയിൽ എല്ലായിടത്തും അസി. പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യതയായി യു.ജി.സി അംഗീകരിച്ചിട്ടുള്ളൂ. യു.ജി.സിയുടെ ഈ വ്യവസ്ഥ മറച്ചുവെച്ചാണ് ഇതരസംസ്ഥാനങ്ങളിൽനിന്ന് നേടിയ സെറ്റ്/ െസ്ലറ്റ് നെറ്റിന് തുല്യമായി സംസ്ഥാന സർക്കാർ അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.