ഉമാ തോമസ് വീണത് പത്തടി ഉയരത്തിൽനിന്ന്; കോൺക്രീറ്റ് പാളിയിൽ മുഖമിടിച്ചു; തലക്ക് ഗുരുതര പരിക്ക്

കൊച്ചി: നൃത്ത പരിപാടിക്കെത്തിയ ഉമ തോമസ് എം.എൽ.എക്ക് കൊച്ചി കലൂർ അന്തരാഷ്ടട്ര സ്റ്റേഡിയത്തിൽനിന്ന് താഴേക്ക് വീണ് ഗുരുതര പരിക്ക്. മൃദംഗ വിഷൻ എന്ന സംഘടനയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉടനെയാണ് വി.ഐ.പി ഗാലറിയിൽനിന്ന് എം.എൽ.എ താഴേക്ക് വീണത്.

ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. വീഴ്ചക്കിടെ കോൺക്രീറ്റ് പാളിയിൽ തലയിടിച്ചതായാണ് അറിയുന്നത്. കോൺക്രീറ്റ് പതിച്ച തറയിലേക്കാണ് ഒരു വശം ചരിഞ്ഞ് വീണത്. തല പൊട്ടി നിലക്കാതെ രക്ത പ്രവാഹമുണ്ടായിരുന്നു. മൂക്കിലൂടെയും രക്തം വരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ സംഘാടകരും സ്ഥലത്തുണ്ടായിരുന്ന ഡോക്ടറും മറ്റുള്ളവരും ഓടിയെത്തി തൊട്ടടുത്ത പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ എം.എൽ.എയെ എത്തിച്ചു.

സ്റ്റേഡിയത്തിൽ ഗ്രൗണ്ടിനോട് ചേർന്ന് പത്തടിയിലേറെ ഉയരത്തിലുള്ള ആദ്യ നിരയിലാണ് വി.ഐ.പി ഗാലറി ഒരുക്കിയിരുന്നത്. പരിപാടിക്കെത്തിയ എം.എൽ.എ താഴത്ത് നിന്ന് നടന്നു കയറി വി.ഐ.പി ഗാലറി ഭാഗത്ത് എത്തിയയുടനെയായിരുന്നു സംഭവം. ഉദ്ഘാടകനായ മന്ത്രിയെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ വീഴ്ചയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

സുരക്ഷയുടെ ഭാഗമായി റിബൺ കോർത്തായിരുന്നു ഗാലറിയിൽ നിന്ന് താഴേക്കുള്ള ഭാഗത്ത് വേർതിരിച്ചിരുന്നതെന്നാണ് സൂചന. സ്റ്റേഡിയത്തിൽ വെച്ച് പരിശോധിച്ചപ്പോൾ ഓക്സിജന്‍റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഓക്സിജൻ ഘടിപ്പിച്ചാണ് ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. സി.ടി സ്കാനടക്കം നടപടികൾ ഇപ്പോൾ നടന്നുവരികയാണ്.

Tags:    
News Summary - Uma Thomas fell from a height of ten feet; Face slammed into the concrete slab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.