കൊച്ചി: കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വർഷംതോറും വർധിക്കുന്നതായി സ്റ്റേറ്റ് ക്രൈം െറക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ. ബലാത്സംഗക്കുറ്റമടക്കമുള്ളവ വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017ൽ സംസ്ഥാനത്ത് 14,254 സ്ത്രീപീഡനക്കേസാണ് രജിസ്റ്റർ െചയ്തതെങ്കിൽ 2018ൽ ആദ്യ മൂന്നുമാസത്തെ കണക്കുപ്രകാരം 3207 കേസാണ് രജിസ്റ്റർ ചെയ്തത്. അഞ്ചുവർഷത്തിനിടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ താരതേമ്യന കുറവ് രേഖപ്പെടുത്തിയത് 2015 ലാണ്. അന്ന് 12,485 കേസാണ് രജിസ്റ്റർ ചെയ്തത്. 2007ൽ 500 ബലാത്സംഗ കേസ് ഉണ്ടായിരുന്നത് 2016ൽ 1656ഉം 2017ൽ 1987ഉം ആയി.
2018ൽ മാർച്ച് വരെ 444 ബലാത്സംഗ കേസാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, സ്ത്രീധനപീഡനങ്ങളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 2017ൽ കാര്യമായ കുറവ് പ്രകടമായിട്ടുണ്ട്. 2014ൽ 28ഉം 2015ൽ എട്ടും 2016ൽ 25ഉം 2017ൽ 13ഉം ആണ് രേഖപ്പെടുത്തിയത്. 2018ൽ മാർച്ചുവരെ ആറ് കേസ് റിപ്പോർട്ട് ചെയ്തു. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിൽനിന്ന് ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഒാരോ വർഷവും ശരാശരി 4.5 ശതമാനമാണ് വർധിക്കുന്നത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2017ൽ ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ്. ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 1970 കേസിൽ 201 ബലാത്സംഗക്കേസും 536 ലൈംഗികപീഡനക്കേസും ഉൾപ്പെടുന്നു. 2018ൽ ലഭ്യമാകുന്ന കണക്കനുസരിച്ച് മാർച്ച് അവസാനം വരെ 470 കേസാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. രണ്ടാംസ്ഥാനത്ത് നിൽക്കുന്ന തിരുവനന്തപുരത്ത് 2017ൽ 1773 കേസും 2018ൽ 426 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളും ഒാരോ വർഷവും വർധിക്കുകയാണ്. 2008ൽ 549 കേസ് രജിസ്റ്റർ ചെയ്യപ്പെെട്ടങ്കിൽ 2017ൽ ഇത് 3478 ആണ്. ഇവയിൽ 1101 എണ്ണം ബലാത്സംഗക്കേസാണ്. 2018ൽ ആദ്യ മൂന്നുമാസം തന്നെ കൊലപാതകവും ബലാത്സംഗവുമടക്കം വിവിധ വകുപ്പുകൾ ചുമത്തി 921 കേസ് ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലുണ്ടാകുന്ന വർധന ആശങ്കജനകമാണെന്ന് സംസ്ഥാന വനിതകമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.
ഇതരസംസ്ഥാനങ്ങളെ അേപക്ഷിച്ച് മെച്ചപ്പെട്ട സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾ അവകാശപ്പെടാവുന്ന കേരളത്തിൽ ഇത്തരത്തിൽ അതിക്രമങ്ങൾ വർധിക്കുന്നതിന് പിന്നിെല കാരണങ്ങൾ സ്വതന്ത്രമായി പഠിക്കേണ്ടതുണ്ട്. സമൂഹത്തിൽ ഇത്തരം അപചയങ്ങൾ തടയാൻ നിയമവ്യവസ്ഥിതിയോടൊപ്പം ബോധവത്കരണവും ആശയസംവാദങ്ങളും മുന്നോട്ടുവെക്കേണ്ടതുണ്ട്. ശാശ്വത പരിഹാരമാണ് ആവശ്യം. പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനൊപ്പം ഇതുൾക്കൊണ്ട് വനിതകമീഷെൻറ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണെന്നും ജോസെഫെൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.