രാഹുൽ ഗാന്ധിയുടെ ഓഫിസിനുനേരെയുണ്ടായ ആക്രമണം: അവസരം മുതലെടുത്ത് കോൺഗ്രസ്

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിനുനേരെയുണ്ടായ എസ്.എഫ്.ഐ ആക്രമണം സംസ്ഥാന സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയപ്പോൾ അവസരം മുതലെടുത്ത് സമരവീര്യം വീണ്ടെടുത്ത് കോൺഗ്രസ്. സ്വർണക്കടത്ത് വിഷയത്തിൽ സർക്കാറും സി.പി.എമ്മും പത്മവ്യൂഹത്തിൽ അകപ്പെട്ടിരിക്കെയാണ് മറ്റൊരു വിഷയംകൂടി കോൺഗ്രസിന് അപ്രതീക്ഷിതമായി വീണുകിട്ടിയിരിക്കുന്നത്. സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെ മോദിയെ സുഖിപ്പിക്കാനാണ് ഓഫിസ് ആക്രമണമെന്ന കോൺഗ്രസ് വാദം സർക്കാറിനെയും സി.പി.എമ്മിനെയും വെട്ടിലാക്കും. ആക്രമണം മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അറിവോടെയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

രാഹുലുമായി നേരിട്ട് ബന്ധമില്ലാത്ത ബഫർസോൺ വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്‍റെ ഓഫിസ് ആക്രമിച്ചത് അനുചിതമായെന്ന പൊതുവികാരം ഉയർന്നത് കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളെ വേഗം പ്രതിരോധിക്കുന്നതിൽ സി.പി.എമ്മിന് തടസ്സമാണ്. അതിനാലാണ് സ്വന്തം വിദ്യാർഥി സംഘടന നടത്തിയത് അവിവേകമാണെന്ന് തുറന്നുപറഞ്ഞ് പരസ്യമായി തള്ളിപ്പറയാൻ സി.പി.എം നേതൃത്വം തയാറായത്. രാഹുൽ ഗാന്ധിയെപ്പോലെ ഒരു ദേശീയ നേതാവിന്‍റെ ഓഫിസ് ആക്രമിച്ചത് എടുത്തുചാട്ടമായെന്ന ചിന്ത സി.പി.എം നേതൃത്വത്തിലുമുണ്ട്. പ്രത്യേകിച്ചും രാഹുലിനെ സംഘ്പരിവാർ നേതൃത്വം രാഷ്ട്രീയമായി വേട്ടയാടുന്നെന്ന ആരോപണം നിലനിൽക്കുമ്പോൾ. തിങ്കളാഴ്ച നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ രാഷ്ട്രീയമായി സി.പി.എമ്മിന് ക്ഷീണമുണ്ടാക്കുന്നതാണ് വയനാട് സംഭവം. അക്രമം തടയുന്നതിൽ പൊലീസിന് സംഭവിച്ച വീഴ്ചയും സർക്കാറിനെതിരെ കോൺഗ്രസ് ആയുധമാക്കും.

അതേസമയം, വിഷയത്തിൽ പൊതുവെയുള്ള അനുകൂലവികാരം ശക്തമായ രാഷ്ട്രീയ പിടിവള്ളിയാക്കാനാണ് കോൺഗ്രസ് നീക്കം. എസ്.എഫ്.ഐ നടപടിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനമെമ്പാടും തെരുവിൽ പ്രതിഷേധത്തിലാണ്. ഡൽഹിയിലും അതിന്‍റെ അലയൊലികൾ ഉയർന്നതോടെ ദേശീയതലത്തിലും സി.പി.എം രാഷ്ട്രീയ പ്രതിരോധത്തിലായി. പാർട്ടിക്കും രാഹുലിനും കിട്ടിയ ഇരപരിവേഷം രാഷ്ട്രീയമായി പരമാവധി ഉപയോഗിക്കാനാണ് ആലസ്യത്തിൽനിന്ന് ഞെട്ടിയുണർന്ന് കോൺഗ്രസ് ശ്രമിക്കുന്നത്.

Tags:    
News Summary - Attack on Rahul Gandhi's office: Congress seizes the opportunity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.