ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല -ഉമ്മൻ ചാണ്ടി

കോട്ടയം: തനിക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ കടന്നാക്രമിച്ച് നിശബ്ദരാക്കുവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് ദിവസം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം അലോചിക്കുന്നത് നല്ലതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ശബരിമലയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂര്‍ണ്ണമായും സംരക്ഷിക്കണമെന്ന എന്‍.എസ്.എസിന്‍റെ നിലപാട് എല്ലാക്കാലത്തും അവര്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ ഭാഗമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വോട്ടെടുപ്പ് ദിവസം നടത്തിയ പ്രസ്താവനയെ തുടർന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു.

ഭരണ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും നാട്ടിൽ സമാധാനവും സ്വൈര്യവും ഉണ്ടാക്കുന്ന സർക്കാർ വരണമെന്നുമായിരുന്നു വോട്ടെടുപ്പ് ദിവസം ജി. സുകുമാരൻ നായരുടെ പ്രസ്താവന. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്തുസൂക്ഷിക്കുന്നവർക്ക് വേണം വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

അതേസമയം, എൽ.ഡി.എഫിനെതിരെ വോട്ടു ചെയ്യണം എന്ന സന്ദേശമാണ് വോട്ടെടുപ്പ് ദിവസം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയതെന്നും, ഇതിനെ ജനം തള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നന്നേ കാലത്തെ വോട്ട് ചെയ്ത് എല്‍.ഡി.എഫിന്‍റെ തുടര്‍ഭരണം പാടില്ല എന്ന് വിരലുയര്‍ത്തി പറയുമ്പോള്‍ നിങ്ങളുടെ വോട്ട് എൽ.ഡി.എഫിനെതിരായാണ് എന്ന സന്ദേശമാണ് സുകുമാരന്‍ നായര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തത്.

അതാണ് കേരളത്തിലെ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗങ്ങളിലും കാണാന്‍ കഴിയുന്നത്. കേരളത്തിലെ എല്ലായിടത്തും ഒരേപോലെ എല്‍ഡിഎഫിനെ അനുകൂലിക്കുന്ന വികാരമാണ് ദൃശ്യമായത്. അതിനെ അട്ടിമറിക്കാന്‍ അത്തരമൊരു പരാമര്‍ശം കൊണ്ടു മാത്രം കഴിയുമായിരുന്നില്ല' -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Attacking those who express disliked views is not an adornment for democracy - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.