കോഴിക്കോട്: ഹിന്ദുത്വ അജണ്ട ഭരണഘടന മാറ്റാതെ നടപ്പാക്കാമെന്ന അഹങ്കാരമാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും രാജ്യത്തെ മതനിരപേക്ഷ പാരമ്പര്യത്തെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് കോൺഗ്രസിനുള്ളതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി. ഗോദ്സെയെ അഭിനന്ദിച്ച എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവനെ പുറത്താക്കുക, ന്യൂനപക്ഷ ആരാധനാലയങ്ങൾക്കെതിരായ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് ജില്ല കമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് എല്ലാ കാലത്തും മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചത്. പ്രാണപ്രതിഷ്ഠ ചടങ്ങിനെ കോൺഗ്രസ് സർക്കാറുകൾ പിന്തുണക്കുന്നു. ബാബരി മസ്ജിദ് തകർത്ത അദ്വാനിക്കും കൂട്ടുനിന്ന നരസിംഹറാവുവിനും ബി.ജെ.പി സർക്കാർ ഭാരതരത്ന നൽകി ആദരിച്ചത് അതിനാലാണ്. ബി.ജെ.പി 2019ൽ അധികാരത്തിലേറിയത് കശ്മീരിൽ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിൽ പാകിസ്താൻ വിരുദ്ധത ആളിക്കത്തിച്ചാണ്. പാഠപുസ്തകങ്ങളിൽനിന്ന് മതനിരപേക്ഷ പാഠഭാഗങ്ങൾ പൂർണമായി മാറ്റുന്നു. ചരിത്ര ഗവേഷണ കൗൺസിലിനെ പൂർണമായി ആർ.എസ്.എസ്വത്കരിച്ചെന്നും എളമരം കരീം പറഞ്ഞു.
എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ് അധ്യക്ഷതവഹിച്ചു. മേയർ ബീന ഫിലിപ്പ് സംസാരിച്ചു. ഹരിയാനയിൽ കർഷക സമരത്തിനിടെ വെടിയേറ്റു മരിച്ച യുവ കർഷകന്റെ വേർപാടിൽ അനുശോചിച്ചു. കെ.ടി. കുഞ്ഞിക്കണ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.എൽ.എമാരായ ടി.പി. രാമകൃഷ്ണൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, പി.ടി.എ. റഹീം, അഹമ്മദ് ദേവർകോവിൽ, കാനത്തിൽ ജമീല, കെ.എം. സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡോ. ഐ. അബ്ദുൽ സലാം, ടി.കെ. രാജൻ, എം.കെ. ഭാസ്കരൻ, കെ.കെ. അബ്ദുല്ല, എം.വി. സൂര്യനാരായണൻ, കെ.എം. പോൾസൺ, സി.എച്ച്. ഹമീദ്, സാലി കൂടത്തായി എന്നിവർ പങ്കെടുത്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.