വി. ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമം -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമമെന്ന് മന്ത്രി വി. ശിവൻകുട്ടി. മാന്യമായി പരിഹാരം കണ്ട വിഷയത്തിൽ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമം. പ്രീഡിഗ്രി, പ്ലസ് വൺ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവർക്കും പ്രവേശനം ഉണ്ടായ കാലം ഒരു സർക്കാറിന്റെ കാലത്തും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തത് 2015 മാർച്ചിൽ ആണ്. ആ വർഷം 4,61,825 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. ആകെ 3,80,105 കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചത്. അന്ന് മലപ്പുറം ജില്ലയിൽ 60,045 സീറ്റും കോഴിക്കോട് ജില്ലയിൽ 38,932 സീറ്റും ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ മലപ്പുറം ജില്ലയിൽ 78236 സീറ്റും കോഴിക്കോട് ജില്ലയിൽ 43142 സീറ്റും ഉണ്ട്. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം പാലക്കാട് ജില്ലയിൽ 331ഉം കോഴിക്കോട് ജില്ലയിൽ 398ഉം മലപ്പുറം ജില്ലയിൽ 169ഉം സയൻസ് സീറ്റുകൾ മിച്ചമുണ്ട്. ഇപ്പോൾ മലപ്പുറം, കാസർകോട് ജില്ലകളിലായി പുതിയതായി അനുവദിച്ച 138 ബാച്ചുകളിലായി 8280 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.

ഇത്രയെല്ലാം സൗകര്യങ്ങൾ സർക്കാർ ചെയ്തിട്ടും അതിനോട് നിസ്സഹകരിക്കുന്ന സമീപനമാണ് ചിലർ കൈക്കൊള്ളുന്നത്. സർക്കാർ പ്രഖ്യാപനത്തെ പ്രതിപക്ഷ നേതാവും ഉപനേതാവും സ്വാഗതം ചെയ്തതാണ്. വിദ്യാർഥി സംഘടനകളും വസ്തുത മനസിലാക്കി സഹകരിക്കുകയും ചെയ്തതാണ്. ഈ സാഹചര്യത്തിൽ ജൂലൈ 19 മുതൽ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ പ്രഖ്യാപിച്ചിട്ടുള്ള സമരം രാഷ്ട്രീയ മുതലെടുപ്പാണ്. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയോടും നിലപാടിനോടുമുള്ള വെല്ലുവിളിയുമാണ് മുനീറിന്റെ പ്രഖ്യാപനം.

അതുകൊണ്ട് കാര്യം മനസിലാക്കി പൊതുവിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന ശാന്തമായ അന്തരീക്ഷം തകർക്കാതെ സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു. ഇനിയും ഒരു ഘട്ട സപ്ലിമെന്ററി അലോട്മെന്റ് കൂടി ഉണ്ട്. അതുകഴിയുന്നതോടെ എല്ലാവർക്കും പ്രവേശനം ഉറപ്പു വരുത്താൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നം മന്ത്രി അറിയിച്ചു.

Tags:    
News Summary - Attempt to take political advantage in the name of Plus One admission - Minister V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.