യൂത്ത് കോണ്‍ഗ്രസ്​ പ്രവർത്തകരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ഡി.ജി.പി ഓഫിസ് മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ പൊലീസ്​ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചപ്പോൾ  (ചിത്രം: മുസ്തഫ അബൂബക്കർ)

പൊലീസ് നടത്തിയത് നരഹത്യ ശ്രമം: സ്പീക്കർക്ക് എ.പി. അനിൽ കുമാറിന്‍റെ അവകാശലംഘന നോട്ടീസ്

തിരുവനന്തപുരം: കോൺഗ്രസിന്‍റെ ഡി.ജി.പി ഓഫീസ് മാർച്ചിനിടെയുണ്ടായ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി നിയമസഭ സ്പീക്കർക്ക് എ.പി. അനിൽ കുമാറിന്‍റെ അവകാശലംഘന നോട്ടീസ്. നേതാക്കളെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ഷെയ്​ഖ്​ ദ​ർവേശ്​ സാഹബിനും എതിരെ നടപടി സ്വീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

പൊലീസ് നടത്തിയത് നരഹത്യ ശ്രമമാണ്. ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിക്കുന്നതിന് മുമ്പ് പൊലീസ് മാനുവൽ പ്രകാരമുള്ള മുന്നറിയിപ്പും സ്വീകരിക്കേണ്ട മുൻകരുതൽ നടപടിയുമുണ്ട്. ഇത് ഉണ്ടായില്ല. വധശ്രമത്തിന് സമാനമായ ഗുരുതര ആക്രമണമാണ് പൊലീസിൽ നിന്ന് ഉണ്ടായത്.

ഇത് നിയമസഭ സമാജികരുടെ അവകാശങ്ങളുടെ ലംഘനവും അവരോടുള്ള അവഹേളനവുമാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ വധിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ഈ നടപടിക്ക് കാരണം മുഖ്യമന്ത്രിയും ഡി.ജി.പയുമാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

പൊലീസ് നടപടിക്കെതിരെ ലോക്‌സഭ സ്പീക്കര്‍ക്കും പ്രിവിലേജ് കമ്മിറ്റിക്കും കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്‍ എം.പി ഇന്നലെ പരാതി നല്‍കിയിരുന്നു. ഡി.ജി.പി ഓഫീസിലേക്ക് നടന്ന കെ.പി.സി.സി മാര്‍ച്ചിനെതിരേ നിയമങ്ങളും ചട്ടങ്ങളും മാനനദണ്ഡങ്ങളും പാടേ ലംഘിച്ചു കൊണ്ട് താൻ ഉള്‍പ്പെടെയുള്ള സഹ എം.പിമാര്‍ക്കെതിരെ ഉണ്ടായ നിഷ്ഠൂരമായ പൊലീസ് നടപടിയും ടിയര്‍ ഗ്യാസ്, ഗ്രനേഡ്, ജലപീരങ്കി പ്രയോഗവും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

ജനപ്രതിനിധിയെന്ന പരിഗണന പോലും പൊലീസ് നല്‍കിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരമാണ് താനുള്‍പ്പെടെയുള്ള എംപിമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരേയുള്ള പൊലീസ് നടപടി. മുഖ്യമന്ത്രി തന്നോട് വ്യക്തിവിരോധം തീര്‍ക്കാനാണ് ശ്രമിച്ചത്. പൊലീസിന്‍റെ ഗ്രനേഡ്, ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ തനിക്ക് ശ്വാസതടസ്സം ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. മനുഷ്യാവകാശങ്ങളുടെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശങ്ങളുടെയും നഗ്നമായ ലംഘനം കൂടിയാണിത്.

സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികള്‍ക്കെതിരായ പൊലീസ് നടപടി സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഈ വിഷയത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് ലോക്‌സഭ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Attempted murder by the police: AP. Anil Kumar's Infringement Notice to Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.