വിനോദ സഞ്ചാരികളുടെ ശ്രദ്ധക്ക്; സന്ദർശന വിലക്കുണ്ട്

തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തി.

തിരുവനന്തപുരത്തെ പൊന്മുടി, കോട്ടയത്തെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നീ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് വിലക്കുണ്ട്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കക്കയം ഉരക്കുഴി ഇക്കോ ടൂറിസം, കക്കയം ഹൈഡൽ ടൂറിസം സെന്‍റർ, കരിയാത്തുംപാറ ടൂറിസം കേന്ദ്രം എന്നിവിടങ്ങളിലും വിലക്കുണ്ട്.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി മേഖലയിൽ രാത്രിയാത്രക്കും ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിലും വിലക്കുണ്ട്.

വയനാട് ജില്ലയിൽ അഡ്വഞ്ചർ പാർക്കുകളും ട്രക്കിങ്ങും നിർത്തിവെക്കാൻ ജില്ല ഭരണകൂടം ഉത്തരവിട്ടു.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ ശമിച്ചിട്ടില്ല. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്. ഇന്നലെ മഴക്കെടുതികളിൽ ഒമ്പത് പേരാണ് സംസ്ഥാനത്ത് മരിച്ചത്.

അതിതീവ്രമഴയുടെ സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി നൽകിയിരിക്കുകയാണ്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോട്ടയം, തൃശൂർ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂരിൽ കോളജുകൾ ഒഴികെയാണ് അവധി. 

Tags:    
News Summary - Attention tourists; Visiting is prohibited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.