130ഓളം തെരുവുനായ്ക്കളെ കൊന്ന കേസിൽ ഓട്ടോഡ്രൈവറെ വെറുതെവിട്ടു

മൂവാറ്റുപുഴ: ടൗണിലും പരിസരത്തുമായി അലഞ്ഞുതിരിഞ്ഞ ആക്രമണകാരികളായ 130ഓളം തെരുവുനായ്ക്കളെ വിഷം നല്‍കി കൊന്നുവെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തകനെ വെറുതെവിട്ടു. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ഓട്ടോ തൊഴിലാളി കൂടിയായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജിയെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ബീന വേണുഗോപാൽ വെറുതെവിട്ടത്.

2015ലായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണകാരികളായ തെരുവുനായ്ക്കള്‍ ടൗണിൽ വിദ്യാർഥികള്‍ ഉള്‍പ്പെടെ വഴിയാത്രക്കാരെ കടിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചിരുന്നു. തെരുവുനായ് ശല്യം രൂക്ഷമാണന്ന പരാതിയുയർന്നിട്ടും നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ മൃഗസ്‌നേഹി സംഘടനകള്‍ക്കോ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് മൂവാറ്റുപുഴയില്‍ വ്യാപകമായി തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നുവെന്ന് പരാതികൾ ഉയർന്നത്.

തുടർന്ന് ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഗവ. സ്ഥാപനമായ എ.ഡബ്ല്യു.ബി.ഐ, മൂവാറ്റുപുഴ ദയ എന്നി സംഘടനകൾ ഷാജിക്കെതിരെ എസ്.പിക്ക് പരാതി നല്‍കിയത്. ഷാജിയ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. ഈ വിഷയത്തില്‍ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചില മനുഷ്യാവകാശ സംഘടനകളും ഷാജിയെ ആദരിച്ചിരുന്നു.

നായ്ക്കളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഇംഗ്ലീഷ് ചാനലിന്റെ വിഡിയോ ക്ലിപ്, ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന്​ വിലയിരുത്തിയാണ്​ കോടതി വെറുതെവിട്ടത്​.

Tags:    
News Summary - Auto driver acquitted in killing around 130 stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.