സന്ദീപ് വാര്യർ ബി.ജെ.പി വിട്ടപ്പോൾ സി.പി.എമ്മിൽ കൂട്ടക്കരച്ചിൽ, മുഖ്യമന്ത്രി പോലും വലിയ പ്രയാസത്തിൽ -പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെയുള്ള സി.പി.എം നേതാക്കളുടെ രൂക്ഷമായ പ്രതികരണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സന്ദീപ് വാര്യർ ബി.ജെ.പി വിട്ടപ്പോൾ സി.പി.എമ്മിൽ കൂട്ടക്കരച്ചിലാണെന്നും മുഖ്യമന്ത്രി പോലും വലിയ പ്രയാസത്തിലാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

പാണക്കാട് സാദിഖലി തങ്ങൾക്ക് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ജനങ്ങളുടെ മനസിലാണ് തങ്ങന്മാരുടെ സ്ഥാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മണിപ്പൂർ പോലുള്ള സംഭവങ്ങൾ കേരളത്തിൽ ഇല്ലാതിരിക്കാൻ മുന്നിൽനിൽക്കുന്നവരിൽ ഒന്നാമത്തെയാളാണ് പാണക്കാട് സാദിഖലി തങ്ങൾ. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ജനങ്ങൾ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്ക് പോലും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പാണക്കാട് തങ്ങൾ ചെയ്യുന്നത് കാണുമ്പോൾ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും അമ്പരപ്പാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടെ ഒരു അനുയായിയുടെ മട്ടിൽ പെരുമാറുന്നയാളാണെന്നും നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നുമായിരുന്നു ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയ വാര്‍ത്ത വായിച്ചപ്പോള്‍ പണ്ട് ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന അനുഭവമാണ് ഓര്‍ത്തുപോയത്. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് ആര്‍.എസ്.എസിന്‍റെ നേതൃത്വത്തിലുള്ള സംഘപരിവാറായിരുന്നു. പക്ഷേ, അവര്‍ക്ക് ആവശ്യമായ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറുമാണ്. ആഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം മുസ്ലീം ലീഗ് മന്ത്രിസഭയിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്‍റെ നിലപാടുകളോട് പ്രതിഷേധിക്കണം എന്ന് ആവശ്യം ഉയര്‍ന്നു. പക്ഷേ മന്ത്രിസ്ഥാനം വിട്ടുകൊടുത്തുള്ള നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ലീഗ് നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - When Sandeep Warrier left the BJP, there was a collective cry in the CPM, even the Chief Minister was in great trouble - PK Kunjalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.