ബസിനു മുന്നില്‍ വടിവാള്‍ വീശിയ ഓട്ടോ ഡ്രൈവർ പിടിയിൽ

കൊണ്ടോട്ടി: കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷയിലെത്തി വടിവാള്‍ വീശി ഭീഷണിയുയര്‍ത്തിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ ഷംസുദ്ദീന്‍ (27) ആണ് അറസ്റ്റിലായത്. സംഭവശേഷം പൊള്ളാച്ചിയിലേക്ക് കടന്ന യുവാവ് ഞായറാഴ്ച ഐക്കരപ്പടിക്കടുത്ത് സിയാംകണ്ടത്തെ ബന്ധുവീട്ടിലുണ്ടെന്നറിഞ്ഞെത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും വടിവാളും കസ്റ്റഡിയിലെടുത്തു.

പൊതുസ്ഥലത്ത് ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനും ഭീകരാന്തരീക്ഷ സൃഷ്ടിച്ചതിനും മാര്‍ഗ തടസ്സമുണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ എ. ദീപകുമാര്‍ അറിയിച്ചു. സംഭവ ദിവസം മദ്യപിച്ചിരുന്നെന്നും വീട്ടിലുണ്ടായിരുന്ന കൊടുവാള്‍ മൂര്‍ഛ കൂട്ടാന്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുമ്പോള്‍ മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് മാര്‍ഗ തടസമുണ്ടാക്കുകയും മുന്നിലേക്ക് പോകാന്‍ വഴി നല്‍കാതിരിക്കുകയും ചെയ്തപ്പോള്‍ ആയുധമെടുത്ത് കാണിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ മയക്കുമരുന്ന് കേസില്‍ പൊലീസിന്റെ പിടിയിലായി പുറത്തിറങ്ങിയതായിരുന്നു ഷംസുദ്ദീന്‍.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോടുനിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനു മുന്നില്‍ പുളിക്കല്‍ മുതല്‍ കൊളത്തൂര്‍ വിമാനത്താവള ജങ്ഷന്‍ വരെയായിരുന്നു ഓട്ടോറിക്ഷയില്‍ നിന്ന് വടിവാള്‍ പുറത്തേക്കുവീശിയുള്ള ഷംസുദ്ദീന്റെ പരാക്രമം. സ്വകാര്യ ബസ് പുളിക്കലില്‍ യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയപ്പോള്‍ പിറകിലെത്തിയ ഓട്ടോറിക്ഷ തുടരെ ഹോണ്‍ മുഴക്കിയിരുന്നെന്നും രണ്ട് സ്ത്രീകളെ സ്റ്റോപ്പിലിറക്കി മുന്നോട്ടെടുത്തപ്പോള്‍ പിന്തുടര്‍ന്ന ഓട്ടോ ബസിനെ മറികടക്കുകയും മാര്‍ഗതടസമുണ്ടാക്കുന്ന വിധത്തില്‍ വാഹനം ഓടിക്കുകയും പിന്നീട് പലതവണ ഓട്ടോയില്‍ നിന്ന് വടിവാള്‍ പുറത്തേക്ക് വീശി ഭീഷണിയുയര്‍ത്തുകയുമായിരുന്നെന്നാണ് ബസ് ജീവനക്കാരുടെ പരാതി. കൊളത്തൂരിലെ വിമാനത്താവള ജംഗ്ഷന്‍ വരെ ആവര്‍ത്തിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബസ് ജീവനക്കാരും യാത്രക്കാരും മൊബൈല്‍ ഫോണുകള്‍ പകര്‍ത്തിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്.

സംഭവത്തില്‍ മലപ്പുറം ആര്‍.ടി.ഒയുടെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തിയിരുന്നു. ഓട്ടോറിക്ഷ ഷംസുദ്ദീന്റെ മാതാവിന്റെ പേരിലാണെന്നും ടാക്സ്, ഇന്‍ഷൂറന്‍സ് തുടങ്ങിയ രേഖകളൊന്നുമില്ലെന്നും കൊണ്ടോട്ടി സബ് ആര്‍.ടി.ഒ നിഖില്‍ സ്‌കറിയയുടെ നേതൃത്വത്തിലുള്ള സംഘവും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

Tags:    
News Summary - auto driver arrested at kondotty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.