കണ്ണൂർ: എടച്ചേരിയിൽ നാട്ടുകാർ തടഞ്ഞുവെച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചിറക്കൽ അരയമ്പേത്ത് കടിയത്ത് ഹൗസിൽ തൈക്കണ്ടി സൂരജാണ് (47) വെള്ളിയാഴ്ച രാത്രി 11.30ഓടെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ കുഴഞ്ഞുവീണത്.
ഉടൻ കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ ഹൃദയശസ്ത്രക്രിയക്ക് വിധേയനായ സൂരജ് കഴിഞ്ഞ ദിവസവും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതായി ബന്ധുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി എടച്ചേരിയിൽ നാട്ടുകാർ സൂരജിനെ തടഞ്ഞുവെച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ടൗൺ പൊലീസെത്തി സൂരജിനെ കസ്റ്റഡിയിലെടുത്തത്.
എടച്ചേരിയിലേക്ക് യാത്രക്കാരനുമായി വന്ന് തിരിച്ചുപോവുകയായിരുന്ന ഇയാളെ സംശയത്തെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. രാത്രി പത്തരയോടെ സ്റ്റേഷനിലെത്തിച്ച സൂരജ് അരമണിക്കൂറിനകം സ്റ്റേഷനിൽ കുഴഞ്ഞുവീണു.
മരണകാരണം വ്യക്തമല്ല. സൂരജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മർദനമേറ്റിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു. അരയമ്പേത്ത് കടിയത്ത് ഹൗസിലെ ബാലകൃഷ്ണന്റെയും കാഞ്ചനയുടെയും മകനാണ്. സഹോദരങ്ങൾ: സുരഭ, സുനോജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.