ഓട്ടോ അച്ചൻകോവിലാറ്റിലേക്ക്​ മറിഞ്ഞ്​ യുവതി മരിച്ചു; മകനെ കാണാതായി

ചെങ്ങന്നൂർ: ക്ഷേത്രത്തിൽ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അച്ചൻ കോവിലാറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മൂന്ന് വയസ്സുള്ള മകനെ കാണാതായി. മൂന്നുപേരെ രക്ഷപ്പെടുത്തി. വെൺമണി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വലിയ പറമ്പിൽ ശൈലേഷിന്‍റെ (അനു) ഭാര്യ ആതിര എസ്.നായർ(35) ആണ് മരിച്ചത്. ഇവരുടെ മകൻ കാശിനാഥിനെയാണ് കാണാതായത്.

ഞായറാഴ്ച വൈകീട്ട് ആറരയോടെ ആയിരുന്നു അപകടം. ശൈലേഷും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷ മാവേലിക്കര പൈനുംമൂട് - കുന്നംകൊല്ലകടവ് ചാക്കോ റോഡിൽ കൊല്ലകടവ് പാലത്തിന്​ പടിഞ്ഞാറു ഭാഗത്തുവെച്ച്​ ആറ്റിലേക്ക്​ മറിയുകയായിരുന്നു. ശൈലേഷിന്‍റെ മകൾ കീർത്തന (11), ഓട്ടോ ഡ്രൈവർ പ്ലാവ് നിൽക്കുന്നതിൽ ലബനോ സജു (45) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഫയർ ഫോഴ്സും നാട്ടുകാരും ശക്തമായ മഴയും ഒഴുക്കും വകവെയ്ക്കാതെ കാശിനാഥിനായി തിരച്ചിൽ തുടരുകയാണ്. മാവേലിക്കരയിൽ പോയി വീട്ടിലേക്ക്​ മടങ്ങും വഴി ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി അച്ചൻകോവിലാറ്റിലേക്ക് മറിയുകയായിരുന്നു.

ശൈലേഷ്, ഭാര്യ ആതിര, മക്കളായ കീർത്തന(11) കാശിനാഥ്(3), ഓട്ടോഡ്രൈവറും ഇവരുടെ സമീപവാസിയായ ഒറ്റപ്ലാവ് നിൽക്കുന്നതിൽ ലബനോനിൽ സജു സണ്ണി(45) എന്നിവരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഓട്ടോ ആറ്റിലേക്ക് മറിയുന്നത്​ കണ്ട യുവാക്കൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി ശൈലേഷ്, മകൾ കീർത്തന, ഓട്ടോ ഡ്രൈവർ സജു എന്നിവരെ രക്ഷപ്പെടുത്തി. പിന്നീടാണ് ആതിരയെ കണ്ടെത്താനായത്. ഉടൻ തന്നെ മാവേലിക്കര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാവേലിക്കര അഗ്നിരക്ഷസേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും കാശിനാഥിനെ കണ്ടെത്താനായില്ല. ശൈലേഷ്, കീർത്തന, സജു എന്നിവർ മാവേലിക്കര ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. മാവേലിക്കര എം.എൽ.എ എം.എസ്.അരുൺകുമാർ സംഭവസ്ഥലത്ത്​ എത്തി.

Tags:    
News Summary - Auto overturns into River woman dies; son is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.