പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ.പി. ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പാലക്കാട്ടെ ഇടതു സ്ഥാനാർഥി പി. സരിൻ. തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണെന്നും വി.ഡി. സതീശൻ കൂടെ നിന്നുവെന്നും സരിൻ ആരോപിച്ചു. പോളിങ്ങിനെ സ്വാധീനിക്കാൻ കൊണ്ടുവന്ന ആയുധമാണ് ഇ.പി. ജയരാജന്റെ ആത്മകഥ. ഉപജാപക സംഘത്തിന്റെ ഗൂഢാലോചനയാണ് പിന്നിൽ. പക്ഷേ, പാലക്കാട്ടെ വോട്ടർമാരെ ഇതൊന്നും ബാധിക്കില്ല.വി.ഡി. സതീശന് പാലക്കാടിന്റെ രാഷ്ട്രീയമറിയില്ല. 24ന് സജീവ രാഷ്ട്രീയത്തിൽനിന്നുള്ള വി.ഡി. സതീശന്റെ വിടവാങ്ങൽ പ്രതീക്ഷിക്കാം. 15,000ത്തിന് മുകളിൽ വോട്ടുകൾക്ക് എൽ.ഡി.എഫ് വിജയിക്കും. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്കു പോകുമെന്നും സരിൻ പറഞ്ഞു.
പാലക്കാട്: പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിൻ പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധതയുള്ള ചെറുപ്പക്കാരനാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ജനസേവനത്തിനായാണ് അദ്ദേഹം ജോലിപോലും രാജിവെച്ചതെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ആത്മകഥയിൽ സരിനെക്കുറിച്ച് എതിരഭിപ്രായം രേഖപ്പെടുത്തിയെന്ന വാർത്തകൾക്കു പിന്നാലെയാണ് സരിനെ പുകഴ്ത്തി അദ്ദേഹം രംഗത്തെത്തിയത്. ഒരു രോഗിയോട് ഡോക്ടർക്ക് എന്നതുപോലെ സമൂഹത്തോട് പ്രതിബദ്ധതയുള്ള വ്യക്തിയാണ് സരിൻ. തെറ്റായ പ്രവണതകളെ മാറ്റിമറിച്ച് പുതിയ പാലക്കാടിനെ സൃഷ്ടിച്ചെടുക്കാനാണ് അദ്ദേഹം ജനവിധി തേടുന്നത്.
ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. യുവാക്കളും വിദ്യാർഥികളും സ്ത്രീകളുമെല്ലാം അതാഗ്രഹിക്കുന്നു. കോൺഗ്രസായിരിക്കുമ്പോഴും സരിൻ ഇടതുമനസ്സുള്ള ആളായിരുന്നു. സരിന്റേത് പെട്ടെന്നുള്ള വരവല്ല. വയ്യാവേലി അല്ല, ജനങ്ങളുടെ പ്രിയങ്കര സ്ഥാനാർഥിയെന്ന നിലയിലാണ് മത്സരിക്കുന്നതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.