പാലക്കാട്: കോൺഗ്രസ് വിടില്ലെന്ന് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥ്. ഞാൻ ഇന്നും കോൺഗ്രസിൽ നിലനിൽക്കുന്നു. പാർട്ടി തന്‍റെ ജീവനാഡിയാണ്. സി.പി.എമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലേത് കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണ്. ചില ആശയങ്ങൾ പൊരുത്തപ്പെടാതെ വരുമ്പോൾ ഉണ്ടാകുന്ന സാഹചര്യങ്ങളാണ്. ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച് പാർട്ടി മുന്നോട്ടു പോകും. കെ.പി.സി.സി അധ്യക്ഷൻ അടക്കം കോൺഗ്രസിലെ പല നേതാക്കളും ബന്ധപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് കെ. സുധാകരൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോപിനാഥ് പറഞ്ഞു.
കോൺഗ്രസിനുണ്ടാകുന്ന ദോഷം തന്നെ ബാധിക്കും. പാർട്ടിക്കുണ്ടാകുന്ന ക്ഷീണം വല്ലാതെ ബാധിച്ചിട്ടുമുണ്ട്. തന്നെ കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. കോൺഗ്രസ് തകർന്ന് പോകുന്നത് കണ്ടിരിക്കാനുള്ള മനസ് തനിക്കില്ലെന്നും എ.വി. ഗോപിനാഥ് വ്യക്തമാക്കി.
അതേസമയം, ഡി.സി.സി അധ്യക്ഷ പദവി ലഭിക്കാത്തതിനെ തുടർന്ന് എ.വി. ഗോപിനാഥ് പാർട്ടി വിടാനൊരുങ്ങുന്നതായാണ് സൂചന. അദ്ദേഹവും അനുനായികളും സി.പി.എമ്മിൽ ചേർന്നേക്കും. ഇതുസംബന്ധിച്ച കൂടിയാലോചനകൾ നടക്കുന്നതായി അറിയുന്നു.
തിങ്കളാഴ്ച രാവിലെ 11ന് സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർക്കുന്ന വാർത്തസമ്മേളനത്തിൽ ഗോപിനാഥ് തീരുമാനം പ്രഖ്യാപിക്കും. എ.വി. ഗോപിനാഥിെൻറ സ്വാധീനത്തിൽ പതിറ്റാണ്ടുകളായി പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണ്.
മുൻ ആലത്തൂർ എം.എൽ.എയായ ഇദ്ദേഹം ദീർഘകാലം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. മുൻ ഡി.സി.സി അധ്യക്ഷൻ കൂടിയായ ഗോപിനാഥ് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വവുമായി പരസ്യമായി ഇടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.