പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചെരിപ്പ് നക്കേണ്ടി വന്നാൽ അഭിമാനത്തോടെ അത് ചെയ്യുമെന്ന് പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥൻ. അനിൽ അക്കരയുടെ ഫേസ്ബുക് പോസ്റ്റിനുള്ള മറുപടിയായാണ് ഗോപിനാഥന്‍റെ പ്രസ്താവന. ഒന്നുകിൽ ഇവിടെ രാജാവായി വാഴാം, അല്ലെങ്കിൽ പിണായിയുടെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം എന്നായിരുന്നു അനിൽ അക്കര പറഞ്ഞത്.
'കേരളത്തിലെ തന്‍റേടമുള്ള, ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവായ പിണറായി വിജയന്‍റെ ചെരിപ്പു നക്കാൻ കോൺഗ്രസ് നേതാവായ ഗോപിനാഥൻ പോകേണ്ടിവരുമെന്ന് പറഞ്ഞാൽ അതിലേറ്റവും കൂടുതൽ അഭിമാനിക്കുന്ന ഒരാളാണ് താൻ. ചെരിപ്പുനക്കേണ്ടി വന്നാൽ നക്കും' -എ.വി. ഗോപിനാഥൻ പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അനിൽ അക്കരയെ രൂക്ഷമായി വിമർശിച്ച ഗോപിനാഥൻ, താൻ ആരുടെയും എച്ചിൽ നക്കാൻ പോയിട്ടില്ലെന്നും പലരും തന്‍റെ വീട്ടിൽ വന്ന് നക്കിയിട്ടുണ്ടെന്നും അതാരൊക്കെയാണെന്ന് എല്ലാവർക്കും അറിയാമെന്നും പറഞ്ഞു.
ഡി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്നാണ് പാലക്കാട്ടെ മുതിർന്ന നേതാവും മുൻ എം.എൽ.എയും മുൻ ഡി.സി.സി അധ്യക്ഷനുമായ എ.വി. ഗോപിനാഥൻ പാർട്ടി വിട്ടത്. രാവിലെ അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഗോപിനാഥ് രാജി പ്രഖ്യാപിച്ചത്.
കോൺഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്നും 50 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചെന്നും ഗോപിനാഥൻ പറഞ്ഞു. മനസിനെ തളർത്തുന്ന സംഭവങ്ങൾ നേതാക്കളിൽ നിന്ന് ഉണ്ടാകുന്നത് കൊണ്ടാണ് രാജിവെക്കുന്നത്. പാർട്ടിയുടെ മുന്നോട്ടു പോക്കിന് താൻ തടസമാകുമോ എന്ന ഭീതിയാണ് രാജിക്ക് കാരണം. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ് പറയുന്നുവെന്നും എ.വി. ഗോപിനാഥൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.