തിരുവനന്തപുരം: കേരളത്തിൽ ജലലഭ്യത കുറഞ്ഞുവരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും കുടിവെള്ളത്തിന്റെ കാര്യത്തിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ ജലസംഭരണം ഉറപ്പാക്കുന്നതിനും ജല ഉപഭോഗം കണക്കാക്കി പരിപാടി ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ കാമ്പയിൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായ ‘പശ്ചിമഘട്ട നീർച്ചാൽ ശൃംഖലകളുടെ വീണ്ടെടുപ്പ്’ പദ്ധതി ഉദ്ഘാടനവും മാസ്‌കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നദികളും വയലുകളും ജലാശയങ്ങളുംകൊണ്ട് സമ്പന്നമാണ് കേരളം. എന്നാൽ, കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഭാഗമായി കേരളത്തിലെ പല ഭാഗങ്ങളിലും വേനൽക്കാലം ആകുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്നു. ജലം അനാവശ്യമായി പാഴാക്കാനുള്ളതല്ല എന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും ജലം സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി നടപ്പാക്കുന്ന പദ്ധതിയാണ് ജനകീയ ജല ബജറ്റ്.
കേരളത്തിലെ ഭൂപ്രകൃതിയും മഴയുടെ പ്രത്യേകതയും അനുസരിച്ച് ജലസുരക്ഷയിലേക്ക് എത്തുന്നതിനു സൂക്ഷ്മതല ഇടപെടൽ ആവശ്യമാണ്. വേനൽ മഴയിലൂടെ ലഭിക്കുന്ന വെള്ളത്തെ കൃഷിക്കും ജലസേചനത്തിനുമടക്കം ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലുള്ള ഇടപെടൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉറപ്പാക്കണം. ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് ജലസ്രോതസ്സുകൾ സംസ്ഥാന വ്യാപകമായി വീണ്ടെടുത്തു.
ജല ബജറ്റ് തദ്ദേശ അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.