മഞ്ചേരി: മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് യുവതിയുടെ രണ്ട് ഗർഭസ്ഥശിശുക്കൾ മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി എൻ.സി. മുഹമ്മദ് ശരീഫ് -ഷഹ്ല തസ്നി ദമ്പതികളുടെ കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കൽ േകാളജാശുപത്രിയിൽ ഞായറാഴ്ച വൈകീട്ടോടെ മരിച്ചത്.
രക്തസ്രാവത്തെ തുടർന്ന് മാതാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ച പുലർെച്ച നാലിന് മഞ്ചേരി മെഡിക്കൽ േകാളജാശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്.
യുവതിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 15ന് നെഗറ്റിവായി ക്വാറൻറീൻ പൂർത്തിയാക്കി. എന്നാൽ, മെഡിക്കൽ േകാളജ് കോവിഡ് ആശുപത്രിയാണെന്നും നെഗറ്റിവായതിനാൽ മറ്റാശുപത്രികളെ സമീപിക്കണമെന്നുമാണ് അധികൃതർ പറഞ്ഞതെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. ഇതോടെ കോഴിക്കോട് കോട്ടപ്പറമ്പ് മാതൃശിശു ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ, അവിടെ ഒ.പി. സമയം കഴിഞ്ഞിരുന്നു.
കോഴിക്കോട് ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും ആർ.ടി.പി.സി.ആർ ഫലം വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകീട്ട് ലേബർ മുറിയിലേക്ക് മാറ്റി. ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല.
ചികിത്സ കിട്ടാതെ ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ പ്രസ്തുത രോഗി തങ്ങളുടെ ആശുപത്രിയിൽ ചികിത്സക്ക് എത്തിയിട്ടില്ലെന്ന് ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കൈയ്യിലുള്ള ഗർഭിണികൾക്കുള്ള സേവനം ശാന്തി ആശുപത്രിയിൽ ലഭ്യമാണോ എന്ന് ആരാഞ്ഞ് ഒരു ഫോൺ കോൾ വന്നിരുന്നു. എല്ലാ സജ്ജീകരണങ്ങളും നിലവിലുള്ളതിനാൽ, റിസൾട്ടുമായി ഉടനടി ആശുപത്രിയിൽ എത്തിച്ചേരുവാൻ നിർദ്ദേശം നൽകി. എന്നാൽ, അവർ ആശുപത്രിയിൽ എത്തുകയോ ചികിത്സ തേടുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.