വളപട്ടണം: അഴീക്കലിൽ അന്തർസംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിലായി. രമേശ് ദാസിനെ കൊലപ്പെടുത്തിയ കേസിൽ ഒഡിഷ സ്വദേശി മാഗു മാലിക്ക് (45)നെയാണ് വളപട്ടണം പൊലീസ് അറസ്റ്റുചെയ്തത്.
അഴീക്കലിൽ മദ്യപിക്കുന്നതിനിടെ കൊല്ലപ്പെട്ട രമേശ് ദാസുമായി പ്രതി വാക്കുതർക്കമുണ്ടായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ഇയാൾ രമേശ് ദാസിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തുമ്പോൾ ഇയാളുടെകൂടെ മറ്റൊരാൾകൂടി ഉണ്ടായിരുന്നു. ഇയാൾ മംഗളൂരുവിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊലപാതകം നടത്തിയതിന് പിന്നാലെ അഴീക്കലിൽനിന്ന് മാഗു മാലിക്ക് മംഗളൂരുവിലേക്ക് കടന്നുകളയുകയായിരുന്നു. അഴീക്കലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ അഴീക്കലിലുണ്ടായിരുന്നതായി പൊലീസ് മനസ്സിലാക്കി. പിന്നീട് നടന്ന അന്വേഷണത്തിൽ മംഗളൂരുവിൽനിന്നാണ് മഗു മാലിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുധ്യം ഉണ്ടായിരുന്നു.
തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെയും എ.സി.പി ടി.കെ. രത്നകുമാറിൻറെയും മേൽ നോട്ടത്തിൽ വളപട്ടണം ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്.ഐ ടി.എം. വിപിൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.