കോട്ടയം മെഡിക്കൽ കോളജിൽനിന്ന് കടത്തിക്കൊണ്ടുപോയ നവജാത ശിശുവിനെ തിരി​കെ അമ്മക്കരികിലേക്ക്​ ​കൊണ്ടുവരുന്ന ഗാന്ധിനഗർ പൊലീസ് സ്​റ്റേഷനിലെ എസ്​.ഐ റനീഷ്

കോട്ടയത്ത് തട്ടിക്കൊണ്ടുപോയ കുഞ്ഞിന് പേരിട്ടു; നിർദേശിച്ചത് പൊലീസുകാരൻ

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതി തട്ടിക്കൊണ്ടുപോയശേഷം വീണ്ടെടുത്ത കുഞ്ഞിന് പേരിട്ടു. അജയ എന്നാണ് പേര് നൽകിയിരിക്കുന്നത്. പേര് നിർദേശിച്ചത് കുട്ടിയെ വീണ്ടെടുത്ത എസ്.ഐ റനീഷാണ്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരിയെ അധികൃതർ സസ്പെൻഡ് ചെയ്തു. സുരക്ഷ ഉറപ്പാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായതിനെ തുടർന്നാണ് ഡെപ്യൂട്ടി സൂപ്രണ്ട് സസ്പെൻഡ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി.

കുട്ടിയമായി പ്രതി നീതു പുറത്തുപോകുമ്പോൾ ഗൈനക്കോളജി വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി കസേരയിൽ മാറിയിരിക്കുകയായിരുന്നു. കൃത്യമായ പരിശോധന ഇവർ നടത്തിയില്ല. ഡ്യൂട്ടിയിലുള്ളപ്പോൾ വാതിലിൽ നിന്നുകൊണ്ട് പരിശോധന നടത്തണം. ഇതിൽ ഇവർ വീഴ്ച വരുത്തി.

അതേസമയം, ജീവനക്കാരിയുടെ അലംഭവമാണ് പ്രശ്നമായതെന്നും മറ്റു സുരക്ഷ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, ആശുപത്രിയിലെ സുരക്ഷ വീഴ്ചക്കെതിരെ മനുഷ്യാവകാശ കമീഷനിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുഞ്ഞി​ന്‍റെ കുടുംബം.

കേസിലെ പ്രതി നീതു നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനുമായുള്ള ബന്ധം നിലനിർത്താൻ വേണ്ടിയായിരുന്നു. തിരുവല്ല കുറ്റൂർ പല്ലാടത്തിൽ സുധി ഭവനിൽ നീതുരാജ്​ (33) ഭർതൃമതിയും ആറുവയസ്സായ ആൺകുട്ടിയുടെ അമ്മയുമാണ്​. എറണാകുളം കളമശ്ശേരിയിൽ ഇവന്‍റ്​ മാനേജ്മെന്‍റ്​ സ്ഥാപനം നടത്തിയിരുന്ന എം.ബി.എ ബിരുദധാരിയായ നീതു, രണ്ടുവർഷം മുമ്പാണ്​ ഇബ്രാഹീം ബാദുഷ എന്നയാളുമായി ടിക്​ടോക്കിലൂടെ പരിചയപ്പെട്ട്​​ പ്രണയത്തിലായത്​.

ഇയാളിൽനിന്ന്​ ഗർഭിണിയായപ്പോൾ ഭർത്താവി‍െൻറ കുഞ്ഞാണെന്നാണ്​ ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞത്​. രണ്ടുമാസത്തിനുശേഷം ഗർഭം അലസിയെങ്കിലും വിവരം കാമുകനോട്​ പറഞ്ഞില്ല. ഭർത്താവിനെയും വീട്ടുകാരെയും അറിയിച്ചു. കാമുക‍െൻറ വീട്ടുകാർക്കും ഈ ബന്ധം അറിയാമായിരുന്നു. ഇതിനിടെയാണ്​ കാമുകൻ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചത്​. കാമുകനെ നഷ്ടപ്പെടുമെന്ന ഭയം മൂലം​ മറ്റൊരു കുഞ്ഞിനെ തട്ടിയെടുക്കാനും ആ കുഞ്ഞിനെ കാണിച്ച്​ ബന്ധം നിലനിർത്താനുമായിരുന്നു ശ്രമമെന്ന്​ നീതു മൊഴി നൽകി. കുഞ്ഞുണ്ടെങ്കിൽ കാമുകൻ വിട്ടുപോവില്ലെന്ന്​ കരുതി.

ഇതിനായി ആശുപത്രിയിൽ പരിശോധനക്ക്​ പോവുകയാണെന്നുപറഞ്ഞ് മകനുമായി ജനുവരി നാലിന് കോട്ടയത്തെത്തി. നേരത്തേ ചങ്ങനാശ്ശേരിയിൽ പഠിച്ചിട്ടുള്ള പരിചയം വെച്ചാണ്​ കോട്ടയം മെഡിക്കൽ കോളജ്​ തെരഞ്ഞെടുത്തത്​. പരിസരത്തെ ഹോട്ടലിൽ വൈകീട്ട്​ 6.30ന്​​ മുറിയെടുത്തു. വ്യാഴാഴ്ച ഉച്ചക്കുശേഷം സമീപത്തെ മെഡിക്കൽ സ്​റ്റോറിൽനിന്ന് നഴ്സി‍െൻറ കോട്ട് വാങ്ങി ഗൈനക്കോളജി വാർഡിലെത്തി. ചെന്നപ്പോൾതന്നെ കുമളി വണ്ടിപ്പെരിയാർ വലിയതറയിൽ ശ്രീജിത്-അശ്വതി ദമ്പതികളുടെ രണ്ടുദിവസം പ്രായമായ പെൺകുഞ്ഞിനെ കണ്ടു. അതിനെ കൊണ്ടുപോകാനും തീരുമാനിച്ചു.

ചികിത്സാരേഖകൾ പരിശോധിച്ച്​, മഞ്ഞനിറം ഉണ്ടെന്നും കുട്ടികളുടെ ആ​ശുപത്രിയിലേക്ക്​ ചികിത്സക്ക്​ കൊണ്ടുപോവുകയാണെന്നും പറഞ്ഞ്​ കുഞ്ഞിനെ എടുത്തു. നഴ്​സി‍െൻറ വേഷത്തിലായതിനാൽ അശ്വതിക്ക്​ സംശയം തോന്നിയില്ല. മൂന്നരയോടെ കുഞ്ഞുമായി ഹോട്ടലിലെത്തി. മുറിയിൽ ചെന്ന്​ വിഡിയോകാളിൽ കുഞ്ഞിനെ ബാദുഷയെയും കുടുംബത്തെയും കാണിച്ച്​ ബോധ്യപ്പെടുത്തി. തുടർന്ന്,​ എറണാകുളത്തേക്ക്​ പോകാൻ ടാക്സി വിളിച്ചപ്പോഴാണ്​ ഡ്രൈവർക്ക്​ സംശയം തോന്നുന്നതും പൊലീസ്​ എത്തി പിടികൂടുന്നതും.

നീതുരാജിൽനിന്ന്​ പണവും സ്വർണവും തട്ടിയ കേസിൽ കാമുകൻ കളമശ്ശേരി എച്ച്.എം.ടി കോളനി വാഴയിൽ വീട്ടിൽ ഇബ്രാഹീം ബാദുഷയെയും (28) അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുവർഷത്തിനിടെ തന്‍റെ പക്കൽനിന്ന്​ 30 ലക്ഷം രൂപയും സ്വർണവും തട്ടിയെന്ന നീതുവിന്‍റെ പരാതിയിലാണ് അറസ്റ്റ്. കൂടാതെ, നീതുവിന്‍റെ മകനെ ഇയാൾ മർദിച്ചെന്നും പരാതിയിൽ പറയുന്നു. ബാലനീതി, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Baby abduction in Kottayam: The baby was named and suggested by the policeman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.