അടിമാലി: വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കാട്ടാനയുടെ ചിതക്കരികില്‍ വേദനയോടെ അവനെത്തും പാതിരാവില്‍. അമ്മയുടെ വേര്‍പാടില്‍ ഒറ്റപ്പെട്ട കുട്ടിയാനയാണ് കഴിഞ്ഞ ഒരാഴ്ചയായി അമ്മയെ ദഹിപ്പിച്ച സ്ഥലത്ത് ദിവസവും രാത്രി എത്തുന്നത്. ഇത് ചിന്നക്കനാല്‍ 301 കോളനിയിലെ ആദിവാസികള്‍ക്ക് വേദനയാവുകയാണ്. കഴിഞ്ഞ 12നാണ് 301 കോളനിക്കു സമീപം 45 വയസ്സ് പ്രായമുള്ള പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്.
കൃഷിയിടത്തില്‍ നിന്നും കാട്ടാനയെ അകറ്റുന്നതിനായി സ്ഥാപിച്ച സോളര്‍ ഫെന്‍സിങ്ങില്‍ എല്‍ടി ലൈനില്‍ നിന്നും നേരിട്ട് കണക്ഷന്‍ നല്‍കിയതാണ് കാട്ടാനയ്ക്കു വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണം. ചരിഞ്ഞ കാട്ടാനയ്ക്ക് രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയാനയുണ്ട്. ഈ കുട്ടിയാനയും മറ്റ് അഞ്ച് പിടിയാനകളും കൂട്ടമായാണ് സഞ്ചരിക്കുന്നത്. അമ്മയാനയുടെ ജഡം ദഹിപ്പിച്ച സ്ഥലത്തു തന്നെയാണ് ഈ ആനക്കൂട്ടം ഇപ്പോള്‍ ഉള്ളത്.
പകല്‍ സമയത്ത് കുട്ടിയാന മറ്റ് ആനകള്‍ക്കൊപ്പം പുല്‍മേട്ടില്‍ മേയുന്നുണ്ടെങ്കിലും രാത്രിയാകുമ്പോള്‍ അമ്മയാനയുടെ ജഡം ദഹിപ്പിച്ച സ്ഥലത്തേക്ക് വരുമെന്ന് കാട്ടാനക്കുട്ടിയെ നിരീക്ഷിക്കുന്ന വനം വകുപ്പ് വാച്ചര്‍ രാമരാജ് പറയുന്നു. മുന്നില്‍ നടക്കുന്ന കുട്ടിയാനയെ പിന്തുടര്‍ന്ന് മറ്റ് ആനകളും ഇവിടെയെത്തും. എല്ലാ ദിവസവും രാവിലെ സംഘം ആനയിറങ്കല്‍ ജലാശയത്തിെൻറ കരയിലേക്ക് തിരിച്ചു പോകും. കുട്ടിയാനകള്‍ ആറ് വയസ്സു വരെയെങ്കിലും അമ്മയാനയുടെ മുലപ്പാല്‍ കുടിക്കാറുണ്ട്. ദിവസങ്ങളായി മുലപ്പാല്‍ കുടിക്കാത്ത കുട്ടിയാനയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നതിനാണു വനം വകുപ്പ് വാച്ചറെ നിയമിച്ചത്.
മുതിര്‍ന്ന ആനകളും രണ്ട് ചെറിയ ആനകളും കൂടെയുള്ളതിനാല്‍ കുട്ടിയാന പുല്‍മേട്ടിലെ തീറ്റകള്‍ ഭക്ഷിച്ച് സ്വാഭാവിക വളര്‍ച്ച കൈവരിക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഒറ്റയാന്‍മാരെ ഭയന്ന് കാടിനുള്ളിലേക്ക് പോകാതെ വനാതിര്‍ത്തികളില്‍ കഴിയുന്ന പിടിയാനക്കൂട്ടം 301 കോളനിയിലെയും പരിസരത്തെയും ആളുകള്‍ക്ക് നിത്യ കാഴ്ചയായിരുന്നു. പുല്‍മേടുകളില്‍ തുള്ളി ചാടി നടന്നിരുന്ന കുട്ടിയാനയ്ക്ക് അമ്മ നഷ്ടപ്പെട്ടതോടെ കുറുമ്പും കുസൃതിയുമില്ലെന്നു പ്രദേശവാസികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.