തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിൽ അടച്ച സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ തിങ്കളാഴ്ച അധ്യയനം പുനരാരംഭിക്കുന്നു. ആദ്യത്തെ ഒരാഴ്ച ഉച്ചവരെ ബാച്ചുകളായുള്ള അധ്യയനം തുടരും.
സ്കൂളുകളോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസുകളും തിങ്കളാഴ്ച ആരംഭിക്കും. ഇവർക്ക് തിങ്കൾ മുതൽ വെള്ളി വരെ 50 ശതമാനം പേരെ പങ്കെടുപ്പിച്ച് ഉച്ചവരെ ക്ലാസ് നടത്താം. പൊതു അവധി ഒഴികെയുള്ള മുഴുവൻ ശനിയാഴ്ചകളിലും പ്രവർത്തിക്കും.
ഈ മാസം 21 മുതൽ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ബാച്ച് സമ്പ്രദായം ഒഴിവാക്കി, മുഴുവൻ കുട്ടികളെയും ഒന്നിച്ചിരുത്തി വൈകീട്ട് വരെയുള്ള ക്ലാസുകൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തീരുമാനം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്കൂളുകൾക്കും ബാധകമാണ്. നിലവിൽ 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്ക് രാവിലെ മുതൽ വൈകീട്ട് വരെ ബാച്ചുകളായുള്ള അധ്യയനം തുടരുന്നുണ്ട്.
വിദ്യാർഥികൾ യൂനിഫോം ധരിച്ച് സ്കൂളിലെത്തുന്നതാണ് ഉചിതം. ഇപ്പോഴത്തെ സാഹചര്യത്തിൽ പകുതി കുട്ടികൾ എത്തുന്നതും മുഴുവൻ കുട്ടികൾ എത്തുന്നതും ഒരുപോലെയാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പ് നിലവിലുള്ളതിനു പുറമെ അധിക നിർദേശങ്ങൾ ഉൾപ്പെടുത്തിയുള്ള മാർഗരേഖയും പ്രസിദ്ധീകരിച്ചു.
സാധാരണ ടൈംടേബിൾ പിന്തുടരണം
ഒന്ന് മുതൽ ഒമ്പത് വരെ ബാച്ചടിസ്ഥാനത്തിൽ ഉച്ചവരെ ക്ലാസ് (14ാം തീയതി വരെ)
10, പ്ലസ് വൺ, പ്ലസ് ടു വൈകീട്ട് വരെ ബാച്ചുകളായി തുടരും (19ാം തീയതി വരെ)
10, പ്ലസ് ടു പാഠഭാഗങ്ങൾ ഫെബ്രുവരി 28നകം പൂർത്തിയാക്കി റിവിഷൻ തുടങ്ങണം.
ശനിയാഴ്ചകളിൽ സ്കൂൾതല എസ്.ആർ.ജി ചേർന്ന് വിലയിരുത്തൽ നടത്തണം.
എസ്.എസ്.എൽ.സി, പ്ലസ് ടു പാഠഭാഗങ്ങൾ സംബന്ധിച്ച് അധ്യാപകർ പ്ലാൻ തയാറാക്കണം; എത്ര പഠിപ്പിച്ചെന്ന് റിപ്പോർട്ട് നൽകണം.
എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പഠന പിന്തുണ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കണം.
പഠനത്തിൽ പിന്നിൽ നിൽക്കുന്നവർക്കായി പ്രത്യേക കർമ പദ്ധതി വേണം.
കുട്ടികൾക്ക് ആത്മവിശ്വാസം വളർത്താനും മാനസിക സംഘർഷം ലഘൂകരിക്കാനും പ്രവർത്തനങ്ങൾ വേണം.
ഭിന്നശേഷി വിഭാഗം ഉൾപ്പെടെയുള്ള കുട്ടികളുടെ പഠന വിടവ് നികത്താൻ വ്യക്തിഗത പിന്തുണ നൽകണം.
ഡിജിറ്റൽ/ഓൺലൈൻ ക്ലാസുകളും പിന്തുണ പ്രവർത്തനങ്ങളും ആവശ്യാനുസരണം തുടരാം.
തിങ്കൾ മുതൽ വെള്ളിവരെ പ്രീ പ്രൈമറി ക്ലാസുകൾ 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി നടത്താം.
ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്ക് വാർഷിക പരീക്ഷ നടത്തും; തീയതി പിന്നീട്.
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ മോഡൽ പരീക്ഷകൾ മാർച്ച് 16ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.