പത്തനംതിട്ട: തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ഇല്ലാത്ത തസ്തികയിലേക്ക് പിൻവാതിൽ നിയമനം. കെമിസ്റ്റ് എന്ന പുതിയ തസ്തിക സൃഷ്ടിച്ചാണ് നിയമനം നടത്തിയത്. പ്രൊഡക്ഷൻ മാനേജർക്ക് പകരമാണ് പുതിയ തസ്തിക സൃഷ്ടിച്ചത്.
നിയമിച്ചയാൾക്ക് പ്രൊഡക്ഷൻ മാനേജർ പദവി വഹിക്കുന്നതിനുള്ള യോഗ്യതയില്ലാത്തതിനാൽ പകരം കെമിസ്റ്റ് എന്ന തസ്തിക സൃഷ്ടിച്ച് പ്രൊഡക്ഷൻ മാനേജരുടെ ചുമതല നൽകിയിരിക്കുകയാണ്. ജനുവരി 27ന് സ്ഥാപനത്തിലെ ഓപറേഷൻസ് മാനേജറാണ് നിയമന ഉത്തരവിറക്കിയത്. സ്പിരിറ്റ് വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സ്ഥാപനം ഉഴലുന്നതിനിടയിലാണ് പിൻവാതിൽ നിയമനം നടത്തുന്നത്. നിയമനത്തിനായി വ്യവസ്ഥകൾ പാലിച്ച് അപേക്ഷ ക്ഷണിക്കുകയോ വിജ്ഞാപനം പുറത്തിറക്കുകയോ വെബ്സൈറ്റിൽ അറിയിപ്പ് നൽകുകയോ ഒന്നും ചെയ്തിട്ടില്ലെന്ന് ഇവിടത്തെ ജീവനക്കാർ പറയുന്നു. ഇതൊന്നും ചെയ്യാതെ നിയമന ഉത്തരവിറക്കിയതാണ് പിൻവാതിൽ നിയമനം എന്ന ആരോപണത്തിന് കാരണമാകുന്നത്. ഭരണകക്ഷിയിലെ ഉന്നതരുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് പുതിയ തസ്തികയിലേക്ക് നിയമന ഉത്തരവിറക്കിയതെന്നും ആരോപണമുണ്ട്.
പ്രൊഡക്ഷൻ മാനേജർ തസ്തികയിൽ നിയമനത്തിനുള്ള യോഗ്യത കെമിക്കൽ എൻജിനീയറിങ്ങാണ്. നിയമനം ലഭിച്ചയാളുടെ യോഗ്യത എം.സി മൈക്രോ ബയോളജിയാണ്. അതിനാലാണ് പുതിയ തസ്തിക സൃഷ്ടിച്ചതത്രെ. നിലവിലുണ്ടായിരുന്ന പ്രൊഡക്ഷൻ മാനേജർ സ്പിരിറ്റ് തട്ടിപ്പ് കേസിൽപെട്ട് പുറത്തായതിന് പകരമാണ് അതേ ചുമതല വഹിക്കാൻ പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയത്.
2020 ഒക്ടോബർ 16ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിലെ 58 തസ്തികകൾക്ക് അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിൽ കെമിസ്റ്റ് എന്ന തസ്തികയില്ല. ജനറൽ മാനേജർ, പേഴ്സനൽ മാനേജർ, ഫിനാൻസ് മാനേജർ, പ്രൊഡക്ഷൻ മാനേജർ, ടെക്നിക്കൽ മാനേജർ എന്നിങ്ങനെ അഞ്ച് മാനേജീരിയൽ തസ്തികകളാണ് ഇവിടെയുള്ളത്. അതിൽ ഒന്നിന് തുല്ല്യമായാണ് കെമിസ്റ്റ് എന്ന തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ മാനേജരുടെ അഭാവത്തിൽ ടെക്നിക്കൽ മാനേജരാണ് പ്രൊഡക്ഷൻ ചുമതല വഹിച്ചിരുന്നത്. കെമിസ്റ്റ് എന്ന തസ്തികയിൽ ആളില്ലാതെ ഉൽപാദനം നടത്താൻ കഴിയില്ലെന്ന് ജനറൽ മാനേജർ ജോയൽ വർഗീസ് മാധ്യമത്തോട് പറഞ്ഞു. നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കമ്പനി വെബ്സൈറ്റിൽ പരസ്യം നൽകിയിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. മറ്റ് സർക്കാർ വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷനിലും ആളെ ക്ഷണിച്ചിരുന്നത്രെ. ഡെപ്യൂട്ടേഷനിൽ ആരും വന്നില്ല. നാലുപേരാണ് അപേക്ഷ നൽകിയത്. ഓൺലൈൻ വഴി ഇൻറർവ്യൂ നടത്തി. ഇതിൽ എക്സ്പീരിയൻസുള്ളയാളെ നിയമിക്കുകയായിരുന്നുവെന്നുമാണ് ജോയൽ വർഗീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.