തിരുവനന്തപുരം: ഭൂമിയേറ്റെടുക്കലിനുള്ള റവന്യൂ ഉദ്യോഗസ്ഥരെ പിൻവലിച്ചതിന് പുറമേ സാമൂഹികാഘാത പഠന ഏജൻസികളുടെ കാലാവധി പുതുക്കേണ്ട തീരുമാനവും കെ-റെയിലിന് തിരിച്ചടി. കേന്ദ്രാനുമതിക്ക് ശേഷം മാത്രം സാമൂഹികാഘാത പഠനം നടത്തിയാൽ മതിയെന്നാണ് റവന്യൂവകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഏജൻസികളുടെ കാലാവധി പുതുക്കണമെന്ന് ആവശ്യപ്പെട്ട് കെ-റെയിൽ കത്തുനൽകി പ്രതീക്ഷയോടെ കാത്തിരിക്കുന്നതിന് പിന്നാലെയാണ് റവന്യൂവകുപ്പിന്റെ അപ്രതീക്ഷിത തീരുമാനം. സാമൂഹികാഘാത പഠനത്തിന് പൂട്ടുവീഴുന്നതോടെ ഇതിനായി ചെലവഴിച്ച കോടികളുടെ കാര്യത്തിലും ചോദ്യങ്ങളുയരുകയാണ്. 29 കോടി രൂപ സാമൂഹികാഘാത പഠനത്തിനായി ചെലവിട്ടെന്നാണ് കണക്ക്. കല്ലിടൽ തടഞ്ഞതിന്റെ പേരിൽ 250 ഓളം കേസുകളാണ് സംസ്ഥാന വ്യാപകമായി രജിസ്റ്റർ ചെയ്തത്. പലർക്കും ഇപ്പോഴും സമൻസ് ലഭിക്കുകയാണ്.
നിയമപ്രകാരം, ഭൂമിയേറ്റെടുക്കലിന് മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തുന്ന ഏജൻസികൾക്ക് പുനർവിജ്ഞാപനത്തിലൂടെ കാലാവധി പുതുക്കി നൽകുന്ന രീതിയില്ല. നിശ്ചിത കാലയളവിനുള്ള പഠനം പൂർത്തിയാക്കാത്ത പക്ഷം ഏജൻസിയെ ഒഴിവാക്കി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തുകയാണ് ചെയ്യുക. എന്നാൽ സിൽവർ ലൈനിൽ പ്രതിഷേധങ്ങൾ മൂലമാണ് പഠനം പൂർത്തിയാകാത്തതെന്നും അതുകൊണ്ട് പുനർവിജ്ഞാപനത്തിലൂടെ കാലാവധി പുതുക്കിനൽകണമെന്നുമായിരുന്നു കെ-റെയിലിന്റെ ആവശ്യം. ഇക്കാര്യം റവന്യൂവകുപ്പ് നിയമവകുപ്പിന്റെ പരിശോധനക്ക് വിട്ടു. മന്ത്രിസഭയോഗത്തിൽ തീരുമാനിക്കാനായിരുന്നു നിയമവകുപ്പിന്റെ നിർദേശം. എന്നാൽ രണ്ട് മാസമായിട്ടും കാബിനറ്റ് അജണ്ടയിൽ ഉൾപ്പെടുത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.