സാമൂഹിക അകലം നിര്‍ദേശിച്ച ക്ലര്‍ക്കിന്​ നേരെ തുപ്പി; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ്

ബദിയടുക്ക: സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശിച്ച യു.ഡി ക്ലര്‍ക്കിനെ മര്‍ദിക്കുകയും തുപ്പുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ബദിയടുക്ക പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് രാജ്‌മോഹ​​െൻറ പരാതിയില്‍ സെക്രട്ടറി എം. പ്രദീപിനെതിരെയാണ് കേസ്.

ഏൽപിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയ പഞ്ചായത്തിലെ രണ്ട് ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെട്ടുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് ബന്ധപ്പെട്ടവര്‍ക്ക് കൈമാറുന്നതിന് രാജ്‌മോഹന്‍ വിസമ്മതിച്ചിരുന്നു. ഇതേചൊല്ലി ഇരുവരും നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. നോട്ടീസ് വായിച്ചാല്‍ മനസ്സിലാകുന്നില്ലെന്ന് രാജ്‌മോഹന്‍ പറഞ്ഞതാണ് തര്‍ക്കത്തിനും വിരോധത്തിനും കാരണമായത്.

മേയ് 30ന് രാജ്‌മോഹന്‍ കാബിനില്‍ ജോലി ചെയ്യുന്നതിനിടെ എത്തിയ പഞ്ചായത്ത് സെക്രട്ടറി നേരത്തെയുണ്ടായ പ്രശ്‌നത്തി​​െൻറ പേരില്‍ വീണ്ടും വഴക്കുകൂടുകയായിരുന്നുവെന്ന്​ പരാതിയിൽ പറയുന്നു. ഈ സമയത്ത് സെക്രട്ടറിക്ക് പനിയും ജലദോഷവുമുണ്ടായിരുന്നു. കാബിനിലേക്ക് വരുമ്പോള്‍ സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ തുപ്പുകയും മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. 

എന്നാൽ, ആരോപണം അടിസ്​ഥാനരഹിതമാണെന്ന്​ സെക്രട്ടറി എം. പ്രദീപ്​ ‘മാധ്യമം’ ഓൺലൈനിനോട്​ പറഞ്ഞു. ഏൽപിച്ച ജോലി ചെയ്യാത്തതിനെ കുറിച്ച്​ അന്വേഷിച്ചപ്പോഴുണ്ടായ തർക്കം ബാഹ്യ ഇടപെടലിനെ തുടർന്ന്​ ഈ രീതിയിലേക്ക്​ വളച്ചൊടിക്കുകയായിരുന്നുവെന്നും​ അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - badiyadukka case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.