കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിലെ നാലാം പ്രതിയും മുൻ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി.ഒ. സൂരജിെൻറ ജാമ്യഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. നിർമാണത്തിന് കരാറെടുത്ത കമ്പനിക്ക് ഗൂഢാലോചന നടത്തിയും പദവി ദുരുപയോഗം ചെയ്തും അനധികൃത നേട്ടമുണ്ടാക്കുകയും സർക്കാറിന് നഷ്ടമുണ്ടാക്കുകയും ചെയ്തെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാംതവണ നൽകിയ ജാമ്യഹരജിയാണ് ജസ്റ്റിസ് സുനിൽ തോമസ് പരിഗണിച്ചത്. ഹരജി വീണ്ടും ഒക്ടോബർ 22ന് പരിഗണിക്കും.
അഴിമതി നിരോധന നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യും മുമ്പ് സർക്കാറിെൻറ മുൻകൂർ അനുമതി വേണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്നാണ് ഹരജിക്കാരെൻറ വാദം.
ഭാരപരിശോധന നടത്താതെ പാലം പൊളിക്കുന്നത് ചോദ്യം ചെയ്യുന്ന ഹരജികളിൽ അനുമതിയില്ലാതെ പാലം പൊളിക്കരുതെന്ന് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. ഭാരപരിശോധന നടത്താൻ സർക്കാറിനോട് നിർദേശിച്ചെങ്കിലും ചെയ്തിട്ടില്ല.
ഈ സാഹചര്യത്തിൽ തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നും അന്വേഷണ സംഘത്തിെൻറ ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ഇനി റിമാൻഡിൽ കഴിയേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, ഭാരപരിശോധനയും വിജിലൻസ് കേസും തമ്മിൽ ബന്ധമില്ലെന്നും ജാമ്യഹരജിയിൽ ഇത് പരിഗണിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
രണ്ട് ഡിവൈ.എസ്.പിമാെരയും നാല് ഇൻസ്പെക്ടർമാെരയും ചേർത്ത് കേസിലെ അന്വേഷണസംഘം വികസിപ്പിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്സ് ലിമിറ്റഡിന് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ സെക്രട്ടറിയേറ്റിൽനിന്ന് അന്വേഷണസംഘം പിടിച്ചെടുത്തതായും വ്യക്തമാക്കി.
തുടർന്നാണ് ഹരജിയിൽ വിശദീകരണം നൽകാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടത്. ആഗസ്റ്റ് 30ന് അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സൂരജ് ൈഹകോടതിയിൽ ആദ്യം നൽകിയ ജാമ്യ ഹരജി ഒക്ടോബർ ഒമ്പതിന് തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.