'ബംഗളൂരുവിൽ എൽ.എൽ.ബിക്ക് പഠിക്കണം'; ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി അനുപമക്ക് ജാമ്യം

കൊച്ചി: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ പദ്മകുമാറിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ബംഗളൂരുവിൽ എൽ.എൽ.ബിക്ക് പഠിക്കാൻ ജാമ്യം അനുവദിക്കണമെന്ന അനുപമയുടെ ആവശ്യം അംഗീകരിച്ചാണ് വിധി.

മൂന്നാം പ്രതിയായ അനുപമയാണ് കേസിലെ പ്രധാന ആസൂത്രകയെന്ന് വാദിച്ച് ജാമ്യാപേക്ഷയെ സർക്കാർ അഭിഭാഷകൻ എതിർത്തെങ്കിലും പഠനാവശ്യം പരിഗണിച്ച് കർശന ഉപാധികളോടെ ജസ്റ്റിസ് സി.എസ്.ഡയസ്സിന്റെ ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, മറ്റാവശ്യങ്ങൾക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്.

കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെതുടർന്നാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് അനുപമ.

കഴിഞ്ഞ വർഷം നവംബറിലാണ് ഓയൂരിലെ ഓട്ടുമലയിൽ നിന്ന് ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ തൊട്ടടുത്ത ദിവസം പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കുയായിരുന്നു.

അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ, അമ്മ അനിത എന്നിവരാണ് ഒന്നുംരണ്ടും പ്രതികൾ. ഡിസംബർ ഒന്നിന് തമിഴ്നാട്ടിൽ നിന്നാണ് ഇവരെ മൂന്നുപേരെയും പിടികൂടുന്നത്. 

Tags:    
News Summary - Bail to Anupama, the accused in the child abduction case in Oyur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.