സുല്‍ത്താന്‍ ബത്തേരി: പുസ്തകങ്ങള്‍കൊണ്ട് അകം നിറക്കുന്നതോടൊപ്പം മുളകള്‍ നട്ട് പുറവും നിറക്കുകയാണ് കരടിപ്പാറ നവോദയ ലൈബ്രറി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്. 40ലധികം ഇനം മുളകളാണ് ഈ ക്ലബിന് പരിസരത്തായി പ്രവര്‍ത്തകര്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നത്. പരിസ്ഥിതി ദിനത്തില്‍ നാടു നീളെ തൈകള്‍ നട്ടശേഷം തിരിഞ്ഞുപോലും നോക്കാതെ കടന്നുപോകുന്നവര്‍ക്ക് മാതൃകയാവുകയാണ് നവോദയ ക്ലബ്.
1980ല്‍ തുടങ്ങിയ ഉദയ വായനശാല പിന്നീട് 87ല്‍ നവോദയ ലൈബ്രറി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബായി മാറ്റുകയായിരുന്നു. 2015ലാണ് ലൈബ്രറി കൗണ്‍സിലിെൻറ കീഴില്‍ വായനശാല പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പരിസ്ഥിതി ദിനത്തില്‍ സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ ക്ലബിെൻറ ഉടമസ്ഥതയിലുള്ള 52 സെൻറ് സ്ഥലത്ത് മുടങ്ങാതെ തൈകള്‍ നടാറുണ്ടായിരുന്നു. എന്നാല്‍, വേനലാകുന്നതോടെ ഉണങ്ങിപ്പോകുകയോ കന്നുകാലികള്‍ തിന്നുകയോ ആയിരുന്നു പതിവ്.
ഈ രീതിക്ക് മാറ്റം വരുത്തണമെന്ന ഭരണ സമിതിയുടെ തീരുമാനത്തെ തുടര്‍ന്നാണ് പ്രകൃതി സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ മുളകള്‍ നട്ടു പിടിപ്പിക്കാൻ തീരുമാനിച്ചത്. തുടര്‍ന്ന് തൃക്കൈപ്പറ്റ ഉറവില്‍ നിന്നടക്കം 40 ഇനം മുളകള്‍ ശേഖരിച്ച് 2015 ജൂണ്‍ അഞ്ചിന് നട്ടുപിടിപ്പിച്ചു. ഓരോ ആഴ്ചയിലും ഓരോ സംഘങ്ങളെ നനക്കാനും പരിപാലിക്കാനും ഏൽപിച്ചു. പിന്നീട് പണം സ്വരൂപീച്ച് ജലസേചനത്തിനുള്ള യന്ത്രം വാങ്ങി.
ലോകത്ത് നൂറ്റമ്പതോളം ഇനം മുളകളാണുള്ളത്. ഇവയെല്ലാം നട്ടുപിടിപ്പിക്കണമെന്നാണ് ക്ലബ് അംഗങ്ങളുടെ ആഗ്രഹം. എന്നാല്‍, സ്ഥലപരിമിതി ക്ലബിനെ ബാധിക്കുന്നുണ്ട്. 50 ചുവട് മുളകള്‍ ഇപ്പോള്‍തന്നെ വളര്‍ന്നുകഴിഞ്ഞു. കൂടാതെ, ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നുപോലും നശിക്കാതെ പരിപാലിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി ക്ലബ് അംഗങ്ങള്‍ കരുതുന്നു. ഒഴിവുള്ള സ്ഥലത്തുകൂടി ഈ പരിസ്ഥിതി ദിനത്തില്‍ മുളകള്‍ വെച്ചു പിടിപ്പിക്കാനാണ് ഭരണ സമിതിയുടെ തീരുമാനം. പ്രസിഡൻറ് പി.പി. റഷീദ്, സെക്രട്ടറി ഗിരീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുളകള്‍ വെച്ചുപിടിപ്പിക്കുന്നത്. വലുതാകുമ്പോള്‍ ഇവ ഉപയോഗിച്ച് കരകൗശല വസ്തുക്കളും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.