കോട്ടക്കൽ: പരിശീലനത്തിനെത്തിയ അധ്യാപിക പർദ ധരിച്ചതിന്‍റെ പേരിൽ സ്കൂൾ പ്രധാനാധ്യാപിക വിലക്കേർപ്പെടുത്തിയതായി പരാതി. പൊന്മള പഞ്ചായത്തിലെ പറങ്കിമൂച്ചിക്കൽ ഗവ. എൽ.പി സ്കൂളിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവങ്ങൾക്ക് തുടക്കം. രണ്ട് അധ്യാപികമാരിൽ ഒരാളുടെ വസ്ത്രം പർദയായിരുന്നു. ഇത് ധരിക്കരുതെന്നായിരുന്നു പ്രധാനാധ്യാപിക ആവശ്യപ്പെട്ടത്.
ചൊവ്വാഴ്ചത്തെ അവധിക്ക് ശേഷം ബുധനാഴ്ചയെത്തിയപ്പോഴും പ്രധാനാധ്യാപിക നിലപാടിൽനിന്ന് മാറിയില്ല. ഇതോടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, മുസ്‌ലിം യൂത്ത് ലീഗ്, എസ്.ഡി.പി.ഐ പൊന്മള പഞ്ചായത്ത് കമ്മിറ്റികൾ സ്കൂളിലേക്ക് മാർച്ച് നടത്തി. വിഷയം ചർച്ച ചെയ്യാൻ അടിയന്തര പി.ടി.എ യോഗം ചേർന്നതായും വെള്ളിയാഴ്ച രാവിലെ വീണ്ടും യോഗം ചേരുമെന്നും പി.ടി.എ ഭാരവാഹികൾ അറിയിച്ചു. അതേസമയം, പർദ ധരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും പഠന സാമഗ്രികൾ ഇല്ലാത്തതിന്‍റെ പേരിലാണ് അധ്യാപകരെ തിരിച്ചയച്ചതെന്നുമാണ് പ്രധാനാധ്യാപികയുടെ വിശദീകരണം. അധ്യാപികമാർക്ക് മറ്റൊരു സ്കൂളിൽ പരിശീലനത്തിനായി പ്രവേശനം ലഭിച്ചു.
സ്കൂളിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച് ജില്ല സെക്രട്ടറി ഷരീഫ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. പി.കെ. സലാം അധ്യക്ഷത വഹിച്ചു. വി.എ. റഹ്മാൻ, ഒളകര കുഞ്ഞിമാനു, വി. മാനു, വി. ഇബ്രാഹിം കുട്ടി, എൻ.കെ. റിയാസുദ്ദീൻ, ടി.ടി. റാഫി, എം.പി. നിസാർ, കെ.പി. റഹ്മാൻ, പി. ബാവ, സിദ്ദീഖ്, എ.കെ. ഷബീർ, സലീം ചാപ്പനങ്ങാടി എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തിലും സ്കൂൾ അധികൃതർക്കും പരാതിയും നൽകി. എസ്.ഡി.പി.ഐ മാർച്ച് മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുജീബ് മാസ്റ്റർ, പി.കെ. ഹംസ, റൈഹാനത്ത്, മുസ്തഫ വില്ലൻ എന്നിവർ സംസാരിച്ചു. ഹഫ്സ മുസ്തഫ മാസ്റ്റർ, ഷാഹിന ലത്തീഫ്, സൈനബ അലവിക്കുട്ടി, സുഹ്റ ഷരീഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.