തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി തള്ളിയതോടെ ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച റിപ്പോർട്ടിന് വീണ്ടും ജീവൻ വെച്ചു. റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമീഷന്റെ ഉത്തരവ് ജൂലൈ 24നാണ് ഹൈകോടതി സ്റ്റേ ചെയ്തത്.
299 പേജുള്ള റിപ്പോർട്ടിൽ വ്യക്തിപരമായ ആക്ഷേപം ഒഴിവാക്കി 233 പേജുകൾ കൊടുക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഹൈകോടതി ഉത്തരവ് വന്നതോടെ, വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ട ‘മാധ്യമം’ ലേഖകൻ അടക്കമുള്ള അഞ്ചുപേർക്ക് റിപ്പോർട്ട് കൈമാറാൻ കഴിയില്ലെന്ന് സർക്കാർ അറിയിക്കുകയായിരുന്നു.
2017 ഫെബ്രുവരിയിൽ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് രൂപംകൊണ്ട വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങൾ നിർദേശിക്കുന്നതിനുമായി ഹൈകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ഹേമ, നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. നവംബർ 16ന് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. 2019 ഡിസംബർ 31ന് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ കമ്മിറ്റിയുടെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളും സ്ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും ഒപ്പം സമർപ്പിച്ചു.
കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കാര്യങ്ങൾ മലയാള സിനിമ മേഖലയിലുണ്ടെന്ന കണ്ടെത്തൽ അതുമായി ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രമടക്കം ഉൾക്കൊള്ളിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സിനിമ സെറ്റുകളിൽ വ്യാപകമാണെന്നും കണ്ടെത്തലുണ്ട്. ഇതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ഒരു ട്രൈബ്യൂണൽ രൂപവത്കരിക്കണമെന്നും കമ്മിറ്റി ശിപാർശ ചെയ്തു.
2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 1,06,55,000 രൂപയാണ് ഹേമ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കിയത്. പല സിനിമ പ്രമുഖരുടെയും പേരുകൾ ഉൾപ്പെട്ടതോടെ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറായില്ല. വിവരാവകാശ കമീഷന് പോലും റിപ്പോർട്ട് കൈമാറിയില്ല.
ഒടുവിൽ സിവിൽ കോടതിയുടെ അധികാരത്തോടെ വിവരാവകാശ കമീഷൻ റിപ്പോർട്ട് പിടിച്ചെടുത്തു. സ്വകാര്യ വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്ന് ജൂലൈ ആറിനാണ് കമീഷണർ എ. അബ്ദുൽ ഹക്കീം ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.