കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി നിർദേശം. വിജയ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും ഇതേതുടർന്ന് ഹരജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. ഈ ഹരജി പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
എന്നാൽ, അന്വേഷണവുമായി സഹകരിക്കണം, പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയാണ് അറസ്റ്റ് തടഞ്ഞ ഉത്തരവ് കോടതി നീട്ടിയത്.
അതേസമയം, വിജയ് ബാബുവിനെ പൊലീസ് രണ്ടാം ദിവസമായ ഇന്ന് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ എറണാകുളം ടൗൺ സൗത്ത് പൊലീസ് ഒമ്പതു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഒമ്പതിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിട്ടയക്കുകയും അതുപ്രകാരം വിജയ് ബാബു വീണ്ടും ചോദ്യം ചെയ്യലിന് എത്തുകയുമായിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ഇയാൾ മൊഴി നൽകിയത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായുണ്ടായതെന്നും വിദേശത്തേക്ക് കടക്കാൻ ആരും സഹായിച്ചിട്ടില്ലെന്നും ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഇയാൾ പീഡനത്തിന് ഇരയാക്കിയെന്ന് കഴിഞ്ഞ ഏപ്രിൽ 26നാണ് നടി വെളിപ്പെടുത്തുകയും പരാതി നൽകുകയും ചെയ്തിട്ടുളളത്. പീഡനം, ഇരയുടെ പേര് വെളിപ്പെടുത്തൽ ഇങ്ങനെ രണ്ട് കേസാണ് വിജയ് ബാബുവിനെതിരെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.