കോഴിക്കോട്: ട്രോളിങ് നിരോധനം നിലവിൽവന്നതോടെ മീൻകറി കൂട്ടണമെങ്കിൽ കീശ കാലിയാകും. അയൽ സംസ്ഥാനങ്ങൾക്കു പിന്നാലെ കേരളത്തിലും ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ മീൻവില കുതിച്ചുയരുകയാണ്. സാധാരണക്കാർ കറിവെക്കാൻ വാങ്ങുന്ന മത്തി, അയല ഇനങ്ങൾക്ക് 150 രൂപയിലധികം വർധിച്ചു. ഒരു കിലോ അയക്കൂറ ലഭിക്കണമെങ്കിൽ കോഴിക്കോട് മൊത്ത വിപണിയിൽതന്നെ 1000-1100 രൂപ കൊടുക്കണം.
ചില്ലറ വിപണിയിലെത്തുമ്പോൾ വില വീണ്ടും ഉയരും. വിലക്കയറ്റം കാരണം ചെറുകിട വ്യാപാരികൾ അയക്കൂറ പോലുള്ള മുന്തിയ ഇനം മത്സ്യങ്ങൾ വിൽപനക്ക് വെക്കുന്നില്ല. വില കൂടിയതോടെ മീൻ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. മീനുകളുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം.
കർണാടക, തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രോളിങ് നിരോധനം നേരത്തെ തുടങ്ങിയിരുന്നു. പല സംസ്ഥാനങ്ങളിലും ഈ മാസം 15ഓടെ ട്രോളിങ് നിരോധനം അവസാനിക്കും. അവിടങ്ങളിൽനിന്ന് മത്സ്യങ്ങൾ വന്നുതുടങ്ങുന്നത് വരെ വിലക്കയറ്റം തുടരുമെന്ന് വ്യാപാരികൾ പറഞ്ഞു. പല മീനുകളും ഫ്രോസൺ ആയിട്ടാണ് ഇപ്പോൾ മാർക്കറ്റിൽ എത്തുന്നത്.
തമിഴ്നാട്, ആന്ധ്ര, ഗോവ എന്നിവിടങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതോടെ ഒരു മാസത്തോളമായി വില കൂടിത്തുടങ്ങിയിരുന്നു. കേരളത്തിൽകൂടി ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ വില കുത്തനെ ഉയർന്നു. കോഴിക്കോട് മൊത്തമാർക്കറ്റിൽ മത്തി ഒരു കിലോ കിട്ടണമെങ്കിൽ 280 രൂപ കൊടുക്കണം. അയല 270 ആണ് വില. ചില്ല വിപണിയിൽ ഇത് 300-340 വരെയാണ്. ഒരുമാസം മുമ്പ് 100-150 വരെയായിരുന്നു വില.
ചില്ലറ വിപണിയിൽ മത്തിക്ക് 300-320 വരെ കൊടുക്കണം. കോര 280-300, ചൂള-240, ചെമ്മീൻ ചെറുത് 300-350, ചെമ്മീൻ വലുത് 400-450 എന്നിങ്ങനെയാണ് വില. ഉണക്ക മീനിനും വില കുതിച്ചുയർന്നു. സ്രാവിന് 400 രൂപയും തിരണ്ടി-200 രൂപയും കൊടുക്കണം. മാന്തൾ-180, മുള്ളൻ 150-180ഉം വേണം. പച്ചക്കറി വില കുതിച്ചുയരുന്നതിന് പിന്നാലെ മത്സ്യങ്ങൾക്കും വില വർധിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുകയാണ്. കോഴിയിറച്ചി വിലയും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.