തൃശൂര്‍: സി.പി.എം തൃശൂര്‍ ജില്ല കമ്മിറ്റിയുടെ പേരിൽ എം.ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. വെള്ളിയാഴ്ച നടന്ന റെയ്ഡിനു പിന്നാലെയാണ് നടപടി. 5.10 കോടി രൂപ അക്കൗണ്ടിലുള്ളതായാണ് വിവരം. ഈ മാസം ആദ്യം ഈ അക്കൗണ്ടിൽനിന്ന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഈ തുക ചെലവഴിക്കരുതെന്നും തുകയുടെ ഉറവിടം അറിയിക്കണമെന്നും നിർദേശിച്ചു. അതേസമയം, ബാങ്കിൽ സി.പി.എമ്മിന്റെ നാല് അക്കൗണ്ടുകളിലായി 9.5 കോടി രൂപയുണ്ടെന്നും പറയപ്പെടുന്നു. സി.പി.എം തൃശൂര്‍ ജില്ല കമ്മിറ്റി ഓഫിസിനു സമീപമാണ് ബാങ്ക് ഓഫ് ഇന്ത്യ ശാഖ. സി.പി.എം ജില്ല സെക്രട്ടറി എം.എം. വര്‍ഗീസിനെ ഇ.ഡിയും ആദായനികുതി വകുപ്പും എറണാകുളത്ത് ചോദ്യംചെയ്തതിന് സമാന്തരമായാണ് ആദായനികുതി വകുപ്പ് വെള്ളിയാഴ്ച ബാങ്ക് ശാഖയിൽ റെയ്ഡ് നടത്തിയത്. ഇതിനു പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിക്കലുണ്ടായത്. ബാങ്ക് അക്കൗണ്ടിലുള്ളത് പാര്‍ട്ടി വെളിപ്പെടുത്താത്ത തുകയാണെന്നും കെ.വൈ.സി വിവരങ്ങൾ കൃത്യമല്ലെന്നും ആദായനികുതി വകുപ്പ് പറയുന്നു.
ആദായനികുതി വകുപ്പ് തൃശൂര്‍ യൂനിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. പരിശോധനസമയത്ത് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ല. അക്കൗണ്ട് വിവരങ്ങള്‍ ആദായനികുതി റിട്ടേണില്‍ ഉള്‍പ്പെടാതിരുന്നതിനെക്കുറിച്ച് ജില്ല സെക്രട്ടറിയുടെ മറുപടി തൃപ്തികരമല്ലെന്ന നിലപാടിലാണ് ആദായനികുതി വകുപ്പ്. കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി വിശദ അന്വേഷണം നടത്തിവരുകയാണ്. കരുവന്നൂരിലെ സി.പി.എം അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം ഇ.ഡി റിസർവ് ബാങ്കിനും തെരഞ്ഞെടുപ്പ് കമീഷനും നല്‍കിയിരുന്നു. ഈ മാസം ആദ്യം ഒരു കോടി രൂപ പിൻവലിച്ചതിനെ തുടർന്നാണ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരം ആദായനികുതി വകുപ്പിന് ലഭിച്ചത്.
ജില്ല കമ്മിറ്റിയുടെ പണമിടപാടുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് ഒന്നും ഒളിക്കാനില്ലെന്ന് തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസ് പറഞ്ഞു. ബാങ്ക് ഓഫ് ഇന്ത്യയിൽ പാർട്ടിക്ക് അക്കൗണ്ടുണ്ട്. ഇ.ഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നീക്കം തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിക്കുപിന്നിൽ രാഷ്ട്രീയ വേട്ടയാടലാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിൽ പാർട്ടിയെ വേട്ടയാടുകയാണ് ലക്ഷ്യം. ജനങ്ങൾ ബി.ജെ.പിക്ക് മറുപടി നൽകുമെന്നും യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.