തൃശൂർ: എ.സി. മൊയ്തീൻ എം.എൽ.എയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിയയോടെ ഇടവേളക്ക് ശേഷം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് വീണ്ടും സജീവമായി. മൊയ്തീനെ പോലെ മുതിർന്ന ജില്ല നേതാവിലേക്ക് അന്വേഷണമെത്തുന്നത് സി.പി.എമ്മിനെ കൂടുതൽ കുരുക്കിലാക്കുകയാണ്. കേസിൽ മുഖ്യ പ്രതികളെയും സി.പി.എം മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗത്തെയും നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
ബാങ്കിലും പ്രതികളുടെ വീടുകളിലും നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തിരുന്നു. പ്രതികളിൽ അഞ്ചുപേരുടെ ആസ്തികൾ കണ്ടുകെട്ടാൻ ഇ.ഡി നോട്ടീസ് നൽകുകയും ചെയ്തിരുന്നു. പരാതിക്കാരൻ സുരേഷ്, പ്രതികളായ ബിജു കരീം, ജിൽസ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന.
2021 ജൂലൈയിലാണ് കരുവന്നൂർ തട്ടിപ്പ് വിവരം പുറത്ത് വരുന്നത്. 300 കോടിയുടെ തട്ടിപ്പ് നടന്നെന്ന ആക്ഷേപമുയർന്ന, കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയായ കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് എ.സി. മൊയ്തീന് അറിവുണ്ടായിരുന്നെന്നും ബന്ധുക്കൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും നേരത്തെ ആരോപണമുയർന്നിരുന്നു. 125 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. ഭരണസമിതിയംഗങ്ങളും ജീവനക്കാരുമടക്കം 18 പേരാണ് കേസിലെ പ്രതികൾ. കള്ളപ്പണം, അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള പരാതികളാണ് മൊയ്തീനെതിരെയുള്ളത്. പ്രാഥമിക തെളിവുകൾ ശേഖരിച്ചതിൽ സ്ഥിരീകരണം ലഭിച്ചതിനാലാണ് കൂടുതൽ പരിശോധന നടത്തിയതെന്നാണ് പറയുന്നത്. ക്രമക്കേട് ഉയർന്ന കാലത്ത് പാർട്ടി ജില്ല സെക്രട്ടറിയായിരുന്നു മൊയ്തീൻ.
എ.സി. മൊയ്തീൻ എം.എൽ.എയെ ‘കുരുക്കി’ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എയെ ‘കുരുക്കി’ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം. എം.എൽ.എയുടെ വടക്കാഞ്ചേരി തെക്കുംകര പനങ്ങാട്ടുകരയിലെ വീട്ടിലും ഓഫിസിലും ഇ.ഡി സംഘം പരിശോധന നടത്തി. കൂടാതെ എം.എൽ.എയുമായി ബന്ധമുള്ള, ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു കരീമിന്റെ ചേർപ്പിലെ സുഹൃത്ത്, പലിശ ഇടപാടുകാരൻ കോലഴി സ്വദേശി എന്നിവരുടെ വീട്ടിലും പരിശോധന നടന്നു.
മൊയ്തീൻ ഇവരുമായി ബിനാമി ഇടപാടുകൾ നടത്തിയെന്ന പരാതിയിലാണ് പരിശോധനയിൽ ഇവരുടെ വീടുകളും ഉൾപ്പെടുത്തിയത്. നാലിടങ്ങളിലും ഒരേസമയമായിരുന്നു പരിശോധന. ഇതേ സമയത്തുതന്നെ കേസിലെ പരാതിക്കാരൻ ഇരിങ്ങാലക്കുട സ്വദേശി എം.വി. സുരേഷിനെ ഇ.ഡി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. നേരത്തേയെടുത്ത മൊഴികളിലെ വ്യക്തതക്കുവേണ്ടിയാണ് വിളിപ്പിച്ചതെന്നാണ് വിശദീകരണം. കൊച്ചിയിൽനിന്ന് ആറ് കാറുകളിലായി പുലർച്ചതന്നെ വടക്കാഞ്ചേരിയിലെത്തിയ ഇ.ഡി സംഘം രാവിലെ ഏഴോടെയാണ് മൊയ്തീന്റെ വീട്ടിൽ പരിശോധന ആരംഭിച്ചത്. ഇ.ഡി അസി. ഡയറക്ടർ പി.കെ. ആനന്ദിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് പരിശോധന നടത്തിയത്.
ലോക്കൽ പൊലീസിനെ വിവരമറിയിക്കാതെ സായുധ സേനയുടെ സുരക്ഷയിലായിരുന്നു പരിശോധന. മൊയ്തീൻ സി.പി.എം ജില്ല കമ്മിറ്റി യോഗത്തിന് പോകാനായി തയാറെടുക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ വരവ്. ഇതോടെ യോഗത്തിന് അവധി അറിയിച്ച് അദ്ദേഹം വീട്ടിൽ തുടർന്നു. മൊയ്തീനോട് ഇ.ഡി സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു. ക്രമവിരുദ്ധ വായ്പകളിലും പല സാമ്പത്തിക ഇടപാടുകളിലും മൊയ്തീന്റെ ഇടപെടലുകളുണ്ടെന്നാണ് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.