മാനന്തവാടി: സി.പി.എം ഭരിക്കുന്ന തവിഞ്ഞാൽ സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ നേതാവിനെ ഭാരവാഹിത്വങ്ങളിൽനിന്ന് നീക്കംചെയ്തു. മാനന്തവാടി ഏരിയ കമ്മിറ്റി അംഗം പി. വാസുവിനെതിരെയാണ് നടപടി. ഏരിയ കമ്മിറ്റി അംഗത്വം, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗത്വം, സി.ഐ.ടി.യു മാനന്തവാടി ഏരിയ സെക്രട്ടറി, നോർത്ത് മലബാർ എസ്റ്റേറ്റ് ലേബർ യൂനിയൻ പ്രസിഡൻറ് സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്.
പാർട്ടി പ്രാഥമിക അംഗത്വം മാത്രം നിലനിർത്തി. ബാങ്ക് പ്രസിഡൻറ്, ഡയറക്ടർ സ്ഥാനങ്ങൾ രാജിവെക്കാൻ നിർദേശം നൽകി. വാസുകൂടി പങ്കെടുത്ത മാനന്തവാടി ഏരിയ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. ജില്ല സെക്രട്ടറി പി. ഗഗാറിൻ, മറ്റു നേതാക്കളായ പി.വി. സഹദേവൻ, എ.എൻ. പ്രഭാകരൻ, കെ. ശശാങ്കൻ, പി.കെ. സുരേഷ്, കെ. റഫീഖ്, കെ.എം. വർക്കി ഉൾപ്പെടെ ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. കേസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പാർട്ടി ഇടപെടില്ല. വാസു ബുധനാഴ്ച ബാങ്ക് സ്ഥാനങ്ങൾ രാജിവെച്ചേക്കും.
അതേസമയം, നടപടിയെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ശനിയാഴ്ചയാണ് ബാങ്ക് ജീവനക്കാരൻ തലപ്പുഴ നാൽപത്തിനാലാം മൈൽ ശാലിനി നിവാസിൽ അനിൽ കുമാർ ആത്മഹത്യ ചെയ്തത്. സ്വന്തം രക്തംകൊണ്ട് ഒപ്പിട്ട ആത്മഹത്യ കുറിപ്പുകൾ എഴുതിവെച്ചാണ് മരിച്ചത്. കുറിപ്പുകളിൽ വാസുവിനെതിരെയാണ് പരാമർശങ്ങളേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.