കുറ്റ്യാടി: എ.ടി.എം തകരാർ മൂലം 9000 രൂപ നഷ്ടമായ ഇടപാടുകാരന് ഓംബുഡ്സ്മാൻ ഇടപെട്ട് നഷ്ടപ്പെട്ട തുകയും 27,500 രൂപ നഷ്ടപരിഹാരവും നൽകി. 2020 നവംബറിലാണ് കുറ്റ്യാടി വേളം ശാന്തിനഗറിലെ ഒതയോത്ത് വാരിദിന് പണം നഷ്ടമായത്. കുറ്റ്യാടിയിലെ സ്വകാര്യ ബാങ്കിന്‍റെ എ.ടി.എമ്മിൽനിന്ന് 9000 രൂപ എടുക്കാൻ ശ്രമിച്ചപ്പോൾ പണം ലഭിച്ചിരുന്നില്ല. എന്നാൽ, അത്രയും തുക അക്കൗണ്ടിൽനിന്ന് കുറവുവന്നതായി മൊബൈൽ സന്ദേശവും ലഭിച്ചു. ഗവ. ആശുപത്രിക്കടുത്ത എ.ടി.എമ്മിൽ നിന്നാണ് അനുഭവമുണ്ടായത്.
തുടർന്ന് ബാങ്ക് ശാഖയിൽ ചെന്ന് പരാതിപ്പെട്ടെങ്കിലും ഹെൽപ്ലൈനിൽ പറയാനായിരുന്നു നിർദേശം. നിരന്തരം ബന്ധപ്പെട്ടിട്ടും പണം തിരിച്ചു കിട്ടിയില്ല. വിദേശത്ത് പോയ വാരിദ് മാസങ്ങളോളം ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തൊട്ടുടനെ എം.ടി.എം കൗണ്ടർ സന്ദർശിച്ച ആൾ പണമെടുത്തിട്ടുണ്ടാവുമെന്നും അന്വേഷിച്ചു കണ്ടെത്താമെന്നുമായിരുന്നു പിന്നീട് ലഭിച്ച മറുപടി. തുടർന്ന് നാട്ടിലെ ബന്ധുവിെൻറ സഹായത്തോടെ ഓംബുഡ്സ്മാനെ സമീപിക്കുകയായിരുന്നു.
ഇതോടെ ഇടപാടുകാരന് നഷ്ടപ്പെട്ട തുകയും ഒരു ദിവസത്തേക്ക് 100 രൂപ നിരക്കിൽ 27,500 രൂപ നഷ്ടപരിഹാരവും അടക്കം 36,500 നൽകാനും വിധിച്ചു. പരാതിക്കാരന് ഒരു മാസത്തിനകം പണം ലഭിക്കുകയും ചെയ്തു. റിസർവ് ബാങ്കിെൻറ ബാങ്കിങ് ഓംബുഡ്സ്മാൻ വെബ്സൈറ്റ് വഴിയാണ് പരാതി സമർപ്പിച്ചത്. സമാനമായി പലർക്കും പണം നഷ്ടപ്പെടുന്നുണ്ടെങ്കിലും നിയമാവബോധം ഇല്ലാത്തത് കാരണം ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്താറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.