സുപ്രീംകോടതി നിര്‍ദേശം നടപ്പായില്ല; ജില്ല ബാങ്കുകളിലെ നോട്ട് ദേശസാത്കൃത ബാങ്കുകള്‍ വാങ്ങി

കാസര്‍കോട്: ജില്ല സഹകരണ ബാങ്കുകള്‍ സമാഹരിച്ച അസാധുനോട്ടുകള്‍ സ്വീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പായില്ല. ജില്ല സഹകരണ ബാങ്കുകളില്‍ കെട്ടിക്കിടന്ന 8400 കോടിയുടെ അസാധുനോട്ടുകള്‍ ദേശസാത്കൃത ബാങ്കുകള്‍ ഏറ്റെടുത്ത് സഹായിച്ചു. അസാധുനോട്ടുകള്‍ സ്വീകരിക്കുന്നതില്‍നിന്ന് സഹകരണ ബാങ്കുകളെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി ഡിസംബര്‍ 16ന് ആര്‍.ബി.ഐക്ക് നല്‍കിയ നിര്‍ദേശമാണ് ഇനിയും ഉത്തരവായി ഇറങ്ങാത്തത്. സുപ്രീംകോടതിയുടെ വിധി പുറപ്പെടുവിച്ച് രണ്ടു ദിവസത്തിനകം ജില്ല സഹകരണ ബാങ്കുകളിലെ പണം സ്വീകരിക്കുന്നതിന് ദേശസാത്കൃത ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം ഇറക്കണമെന്നായിരുന്നു ഉത്തരവ്.

നോട്ട് അസാധു പ്രഖ്യാപനം വന്നതിനുശേഷം വളരെ വേഗത്തില്‍ ഉത്തരവുകള്‍ ഇറക്കുകയും പിന്‍വലിക്കുകയും ചെയ്യുന്ന ആര്‍.ബി.ഐ, സഹകരണമേഖലയെ സഹായിക്കുന്ന സുപ്രധാന നിര്‍ദേശത്തിന്മേലുള്ള ഉത്തരവ് ഒരാഴ്ച കഴിഞ്ഞിട്ടും പുറത്തിറക്കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. സഹകരണമേഖലയില്‍ കള്ളപ്പണമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ തള്ളിക്കളയാന്‍ സഹായിക്കുന്ന സുപ്രീംകോടതി നിര്‍ദേശം ബോധപൂര്‍വം ആര്‍.ബി.ഐ തടയുകയാണെന്നാണ് ആക്ഷേപം.

നവംബര്‍ 10 മുതല്‍ 14വരെ സഹകരണ ബാങ്കുകള്‍ സ്വീകരിച്ച അസാധു നോട്ടുകളാണ് വിവിധ ജില്ല ബാങ്കുകളില്‍ ഉണ്ടായിരുന്നത്. സഹകരണ ബാങ്കുകള്‍ക്ക് അസാധുനോട്ടുകള്‍ പിന്‍വലിക്കാനുള്ള അവകാശം 14ന് ആര്‍.ബി.ഐ പിന്‍വലിച്ചിരുന്നു. സുപ്രീംകോടതി നിര്‍ദേശം ഉത്തരവായി ഇറങ്ങാതായതോടെ സഹകരണ ബാങ്കുകള്‍ അവര്‍ക്ക് അക്കൗണ്ടുകളുള്ള ദേശസാത്കൃത ബാങ്കുകളിലേക്ക് ഘട്ടംഘട്ടമായി മാറ്റുകയാണുണ്ടായത്. ഈ രീതിയില്‍ നിലവില്‍ ജില്ല സഹകരണ ബാങ്കുകളിലെ അസാധുനോട്ടുകള്‍ സുപ്രീംകോടതി വിധിയും ആര്‍.ബി.ഐയുടെ സഹായവുമില്ലാതെ സാധുവായി.

അടച്ചതിന്‍െറ 10 ശതമാനം കറന്‍സി മാത്രമേ തിരിച്ചുകിട്ടുന്നുള്ളൂവെങ്കിലും നോട്ട് ഏറെയും സാധുവായതായി ജില്ല ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ബി. പദ്മകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കാസര്‍കോട് ജില്ല ബാങ്കില്‍ 60 കോടിയുണ്ടെന്നാണ് കരുതുന്നത്. ബാക്കിയുള്ള ബാങ്കുകളെ ദേശസാത്കൃത ബാങ്കുകള്‍ സഹായിച്ചു. എട്ടുമാസംകൂടി പ്രതിസന്ധി നീളുമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - banned currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.