തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ കോൺഗ്രസിൽ രൂപപ്പെട്ട കലാപത്തിന് ശമനമില്ല. ശക്തമായ വിമർശനവുമായി ഘടകകക്ഷിയായ ആർ.എസ്.പി പരസ്യമായി രംഗത്തുവന്നു. സി.എം.പിയും എതിർപ്പ് പരസ്യമാക്കി. ഒരുവിഭാഗം യൂത്ത് കോൺഗ്രസുകാർ കെ.പി.സി.സി ആസ്ഥാനത്ത് ബാനർ കെട്ടി പ്രതിഷേധിച്ചു. കോഴിക്കോട് ഡി.സി.സി ഒാഫിസിന് മുന്നിലും പ്രതിഷേധം നടന്നു.
വൻ തോൽവിയോടെ യു.ഡി.എഫ് വലിയൊരു പടുകുഴിയിലേക്ക് പതിച്ച രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ് തന്നെ ചോദ്യചിഹ്നമായി നിൽക്കുകയാെണന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ പറഞ്ഞു. അത് ഉൾക്കൊള്ളാൻ തയാറാകാതെ ഗ്രൂപ് യോഗം വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?. മാധ്യമങ്ങളോട് എന്ത് പറയണം, പാർട്ടിവേദിയിൽ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാനേ സാധിക്കൂ. ഈ അധഃപതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാൽ 'എന്നെ തല്ലണ്ടമ്മാ ഞാൻ നന്നാവൂല' എന്ന സന്ദേശമാണ് ജനങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇനിയും അവരെക്കൊണ്ട് തല്ലിക്കാതെ സ്വയം കുഴിയെടുത്ത് മൂടുന്നതാകും നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
ബഹുകക്ഷി രാഷ്ട്രീയത്തിെൻറ പ്രാധാന്യം കോൺഗ്രസ് മനസ്സിലാക്കണമെന്ന് സി.എം.പി നേതാവ് സി.പി. ജോൺ. മുന്നണിയുടെ പേരിന് ആരും വോട്ട് ചെയ്യുന്നില്ലെന്നും കക്ഷികൾക്കാണ് വോട്ട് ചെയ്യുന്നതെന്നും കക്ഷികൾ ശക്തമായാലേ മുന്നണിയും ശക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളിക്കും എ.കെ. ആൻറണിക്കും കെ.സി. വേണുഗോപാലിനുമെതിെരയാണ് കെ.പി.സി.സി ആസ്ഥാനത്ത് ബാനർ ഉയർന്നത്. മുല്ലപ്പള്ളിയെ പ്രസിഡൻറാക്കി കോൺഗ്രസിനെ അനുഗ്രഹിച്ച എ.കെ. ആൻറണിക്കും കെ.സി. വേണുഗോപാലിനും നന്ദി എന്നാണ് ബാനർ. പ്രതിഷേധം സംഘടനയുടെ അറിവോടല്ലെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു. മുതിർന്ന നേതാക്കളെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് സംശയിക്കുന്നു. സംഘടനയുടെ പേര് ദുരുപയോഗപ്പെടുത്തി നടത്തിയ അതിക്രമത്തിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും വൈസ് പ്രസിഡൻറ് എൻ.എസ്. നുസൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.