തിരുവനന്തപുരം: നിപ രോഗികളിലെ വൈറൽ ലോഡ് കുറക്കുന്നതിനും ഗുരുതരാവസ്ഥ കുറക്കുന്നതിനുമായി ഉപയോഗിക്കുന്ന മോണോക്ലോണൽ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾ ആരംഭഘട്ടത്തിൽ മാത്രം. നിലവിൽ ആസ്ട്രേലിയയിൽനിന്ന് എത്തിച്ച ആന്റിബോഡിയാണ് കോഴിക്കോട്ടെത്തിച്ചത്.
നിപ എന്നത് രാജ്യാന്തര പ്രാധാന്യമുള്ള രോഗമായതിനാലും ലോകത്ത് തന്നെ അപകട സാധ്യത കൽപിക്കുന്ന 10 വൈറസുകളിലൊന്നായതിനാലും ശക്തമായ ദേശീയ പ്രോട്ടോകോൾ നിലവിലുണ്ട്. ഇതു പ്രകാരം നാഷനൽ ഏജൻസികൾക്ക് മാത്രമേ ഈ മരുന്ന് സൂക്ഷിക്കാൻ അധികാരമുള്ളൂ.
രാജ്യത്ത് നിപക്കുള്ള ആന്റിബോഡി ഉൽപാദിപ്പിക്കുന്നില്ല. നിലവിലുള്ളത് ആസ്ട്രേലിയൻ സർക്കാറിൽനിന്ന് കേന്ദ്രസർക്കാർ വാങ്ങിയതാണ്. രാജ്യത്തിന്റെ പൊതുസ്വത്തെന്നനിലയിൽ കേന്ദ്ര ഏജൻസികളാണ് ഇവ സൂക്ഷിക്കുന്നതും സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം കൈമാറുന്നതും. കേരളത്തിൽ ഇവ സൂക്ഷിക്കാൻ സൗകര്യമുണ്ടെങ്കിലും പ്രോട്ടോകോളിൽ മാറ്റം വരാതെ ഇവിടെ സംഭരിക്കാനോ സൂക്ഷിക്കാനോ കഴിയില്ല.
നിലവിൽ ഇതു വില കൊടുത്ത് മരുന്നുവിപണിയിൽനിന്ന് വാങ്ങാനുമാകില്ല. നിപ ചികിത്സക്കായി ഉപയോഗിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡി വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾ കേരളം തുടങ്ങിയെങ്കിലും കടമ്പകൾ കടക്കാൻ വർഷങ്ങളെടുക്കും. സർക്കാറിന് കീഴിൽ തോന്നയ്ക്കലിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം മുമ്പാണ് ഗവേഷണം ആരംഭിച്ചത്.
തദ്ദേശീയമായ വേരിയെന്റിനെതിരെയുള്ള ആന്റിബോഡി വികസിപ്പിക്കാനാണ് ശ്രമങ്ങൾ. അതേസമയം, റിസർച് ലെവലും ക്ലിനിക്കൽ ട്രയലും കഴിഞ്ഞേ പുറത്തേക്ക് എത്തിക്കാനാവൂവെന്നും ഇതിനായി സമയമേറെ എടുത്തേക്കുമെന്നും തോന്നയ്ക്കൽ ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി ഡയറക്ടർ ഡോ.ഇ. ശ്രീകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇപ്പോൾ ഉപയോഗിക്കുന്ന ആന്റിബോഡി നിപക്കെതിരെയുള്ളതല്ല. ഇത് ‘ഹെൻ റ’ എന്ന നിപയുടെ ഗ്രൂപ്പിൽ പെട്ട മറ്റൊരു വൈറസിനെതിരെയുള്ളതാണ്. ആസ്ട്രേലിയയിൽ കുതിരകളിലും കുതിരകളെ പരിപാലിക്കുന്നവരിലും കാണുന്ന രോഗമാണിത്.
ഹെൻ റയും നിപയും തമ്മിൽ ജനിതക സാമ്യമുള്ളതുകൊണ്ട് ഈ ആന്റിബോഡി നിപയ്ക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് ആരോഗ്യവിദഗ്ധനും കമ്യൂണിറ്റി മെഡിസിൻ വിഭാഗം അഡീഷനൽ പ്രഫസറുമായ ഡോ.ടി.എസ് അനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.