കൊച്ചി: സുൽത്താൻ ബത്തേരി കോഴക്കേസിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിന്‍റെയും ബി.ജെ.പി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിന്‍റെയും ജെ.ആർ.പി നേതാവ് പ്രസീത അഴീക്കോടിന്‍റെയും ശബ്ദ സാമ്പ്ൾ ശേഖരിച്ചു. മൂവരും വെള്ളിയാഴ്ച കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയാണ് ശബ്ദ സാമ്പ്ൾ നൽകിയത്. രണ്ടാം തവണയാണ് പ്രസീതയുടെ ശബ്ദ സാമ്പ്ൾ ശേഖരിക്കുന്നത്.
കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാഞ്ച് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസ് രാഷ്ട്രീയ ഗൂഢാലോചനയാണ്, ഏത് അന്വേഷണവും നേരിടാൻ തയാറാണ്, സത്യം തെളിയും -ജാനു പറഞ്ഞു. നേരത്തെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ശബ്ദ സാമ്പ്ൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാകൻ സുരേന്ദ്രൻ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്.
ജാനുവിന് തിരുവനന്തപുരത്ത് വെച്ച് സുരേന്ദ്രൻ 10 ലക്ഷവും ബത്തേരിയിലെ റിസോർട്ടിൽ വെച്ച് ബി.ജെ.പി ജില്ല ഭാരവാഹികൾ വഴി 25 ലക്ഷവും കൈമാറിയെന്ന് പ്രസീത വെളിപ്പെടുത്തിയിരുന്നു. റിസോർട്ടിൽ വെച്ച് പൂജദ്രവ്യങ്ങളടങ്ങിയ സഞ്ചിയിൽ പ്രശാന്ത് മലവയലാണ് ജാനുവിന് പണം കൈമാറിയതെന്നും പ്രസീത മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രശാന്തിനെ പലതവണ ചോദ്യം ചെയ്തു. കൂടാതെ, ജാനുവും പ്രശാന്തും തമ്മിലുള്ള ഫോൺ സംഭാഷണവും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
ഇതിന്‍റെ ആധികാരികത തെളിയിക്കാനാണ് ശബ്ദ സാമ്പ്ൾ പരിശോധിക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഗസ്റ്റ് ഏഴിന് ജാനുവിന്‍റെ തിരുനെല്ലി പനവല്ലിയിലെ വീട്ടിൽ റെയ്ഡ് നടത്തിയ ക്രൈം ബ്രാഞ്ച് സംഘം ഫോണുകളും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിരുന്നു. പ്രശാന്തിന്‍റെ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.