മഞ്ചേശ്വരം: പൈവളിഗെ പഞ്ചായത്തിലെ ബായാർ സുദമ്പളയിലെ ഒരു കുടുംബത്തിലെ നാലുപേർ വെട്ടേറ്റ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. മഞ്ചേശ്വരം മേഖലയിൽ സമീപകാലത്തൊന്നും ഇതുപോലൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല.
നാലുപേർ നിമിഷങ്ങളുടെ ഇടവേളയിൽ കൊല്ലപ്പെട്ടത് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. പ്രതി ഉദയെൻറ മാതൃസഹോദരങ്ങളാണ് കൊല്ലപ്പെട്ട നാലുപേരും.
ഒരു പ്രകോപനവും ഇല്ലാതെയാണ് ഉദയൻ ആദ്യം ഒരു അമ്മാവനെ വെട്ടിയത്. ഇത് തടയാൻ ശ്രമിച്ച മറ്റു രണ്ടുപേരെയും ഇയാൾ വെട്ടി വീഴ്ത്തി. അടുത്തതായി തൊട്ടടുത്തുനിന്ന ഉദയെൻറ മാതാവ് ലക്ഷ്മിയെയും സഹോദരി രേവതിയെയും ആക്രമിക്കാനാണ് ലക്ഷ്യമിട്ടത്.
ഇതിനിടയിൽ മാതാവ് ലക്ഷ്മി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, രക്ഷപ്പെടാൻ സാധിക്കാത്ത രേവതിയെയും വെട്ടി വീഴ്ത്തുകയായിരുന്നു. പിന്നീട് നാട്ടുകാർ പിടികൂടിയ പ്രതിയെ കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.
പ്രതിയായ ഉദയൻ വർഷങ്ങളായി മാനസിക രോഗിയാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രോഗത്തിന് ചികിത്സ നടത്തി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു ദിവസമായി മരുന്ന് കഴിക്കുന്നത് നിർത്തിയിരുന്നതായാണ് വിവരം. ഇതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്ന് കരുതുന്നു.
കൊല്ലപ്പെട്ട മൂന്ന് അമ്മാവന്മാരും അവിവാഹിതരാണ്. കൊല്ലപ്പെട്ട ഇവരുടെ സഹോദരി രേവതി മാത്രമാണ് വിവാഹിതയായത്. രേവതിയെ തലപ്പാടിയിലേക്കാണ് വിവാഹം കഴിച്ചതെങ്കിലും താമസം സഹോദരങ്ങളോടൊപ്പമാണ്.
ഇവരും പ്രതിയും ഒന്നിച്ച് ഒരേ തറവാടിലാണ് താമസിക്കുന്നത്. രേവതിയുടെ ഏകമകൾ ജ്യോതിയെ വിവാഹം ചെയ്തതും തലപാടിയിലേക്ക് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.