മഞ്ചേശ്വരം: മഞ്ചേശ്വരത്തെ ഇളക്കി മറിച്ച് നവകേരള സദസ്സ്. പൈവളിഗെ ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ സദസ്സ് ഉദ്ഘാടന ചടങ്ങിനു മുമ്പേ തന്നെ നിറഞ്ഞുകവിഞ്ഞു. 3.30നാണ് ഉദ്ഘാടന ചടങ്ങ് തീരുമാനിച്ചതെങ്കിലും നിശ്ചയിച്ചതിനും അര മണിക്കൂർ വൈകി. ബംഗളുരുവിൽനിന്ന് ഒരുക്കിയ നവകേരള ബസ് കാസർകോട് ഗസ്റ്റ് ഹൗസിലാണ് എത്തിച്ചത്. ഗസ്റ്റ് ഹൗസിൽ 12 ഓടെ മുഴുവൻ മന്ത്രിമാരും എത്തി. പരിപാടികൾ സംബന്ധിച്ച് ആലോചനായോഗം നടത്തി.
തുടർന്ന് ബസിൽ ദേശീയപാത വഴി പൈവളിഗെയിൽ എത്തി. പൈവളിഗെയിൽ എത്തുന്നതിനു മുമ്പ് ദേശീയപാത നിർമാണ പുരോഗതി കാണാൻ മഞ്ചേശ്വരത്തെ ദേശീയപാത നിർമാണത്തിന്റെ ആദ്യ റീച്ചിൽ നിർത്തി. പൈവളിഗെയിൽ എത്തിയ ശേഷം സദസ്സിന് നടുവിലൂടെ മുഖ്യമന്ത്രിയും 20 മന്ത്രിമാരും നടന്നുനീങ്ങുമ്പോൾ വലിയ കരഘോഷം ഉയർന്നു.
തുളുനാടിന്റെ പതിവ് ആഘോഷമായ കൊമ്പുവിളികളും ആർപ്പോ വിളികളും ഉയർന്നു. വേദിയിലെത്തിയ ശേഷം മന്ത്രിസഭ ഒരുമിച്ച് സദസ്സിനെ അഭിവാദ്യം ചെയ്തു. സ്വാഗതം ആശംസിക്കാൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയത് കന്നടയിൽ അഭിസംബോധന ചെയ്തുകൊണ്ടാണ്. അതും കരഘോഷത്തിന് കാരണമായി. അനൗൺസ്മെന്റ് കന്നടയിലും മലയാളത്തിലുമായി തുല്യ നിലയിൽ പങ്കുവെച്ചു. അധ്യക്ഷസ്ഥാനത്തേക്ക് കെ. രാജനെ ക്ഷണിച്ചപ്പോൾ തുളുനാടൻ തലപ്പാവുമായി ആതിഥേയരെത്തി. ഓരോ ആളുടെയും പെര് വിളിക്കുന്നതിനനുസരിച്ച് തലപ്പാവുകൾ നിറഞ്ഞ് വേദിയിൽ രാജകീയ പ്രൗഡി ഉയർന്നു. ഇത്തരം അലങ്കാരങ്ങൾ അധികം ദേഹത്ത് നിർത്താത്ത മുഖ്യമന്ത്രിയും ഏറെ നേരം തലപ്പാവ് ധരിച്ചിരുന്നു.
മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന് കുട്ടി, എ.കെ. ശശീന്ദ്രന്, അഡ്വ. കെ. ആന്റണി രാജു എന്നിവര്‍ സംസാരിച്ചു. കെ. രാധാകൃഷ്ണന്, കെ.എന്‍. ബാലഗോപാല്‍, പി.രാജീവ്, ജെ. ചിഞ്ചുറാണി, വി.എന്‍. വാസവന്, സജി ചെറിയാന്, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ്, അഡ്വ.ജി.ആര്. അനില്‍, ഡോ.ആര്. ബിന്ദു, വീണ ജോര്‍ജ്, വി. അബ്ദുറഹ്മാന്, എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, എം.വി. ഗോവിന്ദന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, കേരള തുളു അക്കാദമി ചെയര്മാന് കെ.ആര്. ജയാനന്ദ, സംഘാടക സമിതി വൈസ് ചെയര്മാന്മാരായ ബി.വി. രാജന്, രഘുദേവ്, സംഘാടക സമിതി കണ്‍വീനർ ആര്.ഡി.ഒ അതുല്‍ സ്വാമിനാഥ്, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ, പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയന്തി, വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഭാരതി, മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആര്. ഷെട്ടി, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന മൊന്തേറൊ, മുന്‍ മന്ത്രി ഇ.പി. ജയരാജന്, മുന്‍ പാര്‍ലമെന്റ് അംഗങ്ങളായ പി.കെ. ശ്രീമതി, പി. കരുണാകരന്, കലാകാരന്മാരായ രഘു ഭട്ട്, സന്തോഷ്, ഉദ്യോഗസ്ഥര്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.