തൃശൂർ: റേഷൻ ഭക്ഷ്യധാന്യ ശേഖരണ -വിതരണ ലോറികളിൽ ജി.പി.എസ് ഘടിപ്പിക്കലിന് തുടക്കം. ഇതുവരെ 86 വാഹനങ്ങളിലാണ് ജി.പി.എസ് സംവിധാനം ഏർപ്പെടുത്തിയത്. കേരളത്തിൽ 2017ൽ ഭക്ഷ്യ ഭദ്രത നിയമം (എൻ.എഫ്.എസ്.എ) കൊണ്ടുവന്ന് അഞ്ചു വർഷത്തിനു ശേഷമാണ് നിയമത്തിലെ സുപ്രധാന തീരുമാനം നടപ്പാക്കുന്നത്.
എഫ്.സി.ഐകളിൽനിന്നും സ്വകാര്യ മില്ലുകളിൽനിന്നും റേഷൻ വസ്തുക്കൾ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിക്കുന്ന വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ ജി.പി.എസ് നിരീക്ഷണത്തിലാക്കുക. പിന്നാലെ ഗോഡൗണുകളിൽനിന്ന് റേഷൻകടകളിലേക്ക് വാതിൽപടി വിതരണ കരാറുകളിൽ ഏർപ്പെട്ട വാഹനങ്ങളിലും ഇവ ഒരുക്കും. ഇതോടെ റേഷൻ ഭക്ഷ്യധാന്യ ശേഖരണവും വിതരണവും പൂർണമായി നിരീക്ഷിക്കപ്പെടും. മേയ് 31നകം നടപടി പൂർത്തിയാക്കി റേഷൻ ശേഖരണ -വിതരണത്തിനായുള്ള വാഹനങ്ങളുടെ വരവും പോക്കും സുതാര്യമാക്കുമെന്ന് സപ്ലൈകോ സി.എം.ഡി എ.ഡി.ജി.പി ഡോ. സഞ്ജീവ് കുമാർ പട്‌ജോഷി 'മാധ്യമ'ത്തോട് പറഞ്ഞു. ജൂൺ ഒന്നു മുതൽ കൃത്യമായ നിരീക്ഷണത്തിലാവും കരാർ വാഹനങ്ങൾ ശേഖരണവും വിതരണവും നടത്തുക.
കേരളത്തിൽ 75 താലൂക്കുകൾക്ക് ശരാശരി 10 വാഹനങ്ങളാണ് കരാർ അടിസ്ഥാനത്തിൽ സേവനം ചെയ്യുന്നത്. ഇതിൽ 52 താലൂക്കുകളുടെ കരാർ അവസാനിച്ചതോടെ പുതിയ കരാർ നടപടികൾ പുരോഗമിക്കുകയാണ്. കരാറിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ജി.പി.എസ് ഘടിപ്പിച്ച വാഹനമാണ് ഹാജറാക്കേണ്ടത്. നിലവിൽ കരാർ അവസാനിക്കാത്ത 23 താലൂക്കുകളിലെ വാഹനങ്ങളിലാണ് ജി.പി.എസ് ഘടിപ്പിക്കൽ പുരോഗമിക്കുന്നത്. നോഡൽ ഏജൻസിയായ സപ്ലൈകോയാണ് ഇതിന് നേതൃത്വം നൽകുന്നത്. എ.എസ് 140 ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. കരാർ വാഹനങ്ങൾ കടന്നുപോകുന്ന മുഖ്യ റോഡുകളും ഉപ റോഡുകളും അടക്കം അധികൃതർക്ക് നിരീക്ഷിക്കാനാവും. ഗൂഗ്ൾ മാപ്പ് ഉപയോഗിച്ച് തയാറാക്കിയ റൂട്ട് മാപ്പ് അതത് താലൂക്കിലെ റേഷനിങ് ഇൻസ്പെക്ടർമാർ പരിശോധന നടത്തുകയാണ്. ഇതു കൂടാതെ അമിത ലോഡ്, വാഹനങ്ങളുടെ വഴിമാറൽ, സാധനം മാറ്റൽ തുങ്ങിയ കാര്യങ്ങൾ അധികാരികൾക്ക് നിരീക്ഷിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.