കൊച്ചി: മെട്രോയിലെ കരാർ തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കായി നാലുവട്ടം ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. തൊഴിലുടമയായ കൊച്ചി മെട്രോ, ഇടനിലക്കാരായ കുടുംബശ്രീ എഫ്.എം.സി, തൊഴിലാളി യൂനിയനുകൾ എന്നിവ നടത്തിയ ചർച്ചയിലാണ് ആനുകൂല്യം സംബന്ധിച്ച് തീരുമാനമാകാത്തത്.
ചർച്ച വീണ്ടും തുടരുമെന്നാണ് അധികൃതരുടെ വിശദീകരണം. ആനുകൂല്യങ്ങളോ ശമ്പളവർധനയോ ഇല്ലാതെ മെട്രോയിലെ കരാർ തൊഴിലാളികൾ നേരിടുന്ന ദുരിതത്തെക്കുറിച്ച് കഴിഞ്ഞ 27ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് അധികൃതർ പ്രശ്നത്തിൽ ചർച്ചക്ക് തയാറായത്. നേരത്തേ ബോണസ് ആവശ്യപ്പെട്ട് യൂനിയനുകൾ നൽകിയ നിവേദനത്തോട് മുഖം തിരിച്ചുനിന്ന അധികൃതർ സംഭവം ചർച്ചയായതോടെയാണ് നിലപാടിൽ അയവുവരുത്തിയത്. കുടുംബശ്രീയുടെ എഫ്.എം.സി വഴി ജോലിക്ക് കയറിയ കുടുംബശ്രീ അംഗങ്ങളായ കരാർ തൊഴിലാളികളാണ് ദുരിതം അനുഭവിക്കുന്നത്.
ആറുവർഷം പിന്നിടുമ്പോഴും മെട്രോ ലാഭത്തിലാകുമെന്ന പ്രതീക്ഷ വൃഥാവിലായതാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്ത കുടുംബശ്രീക്ക് തിരിച്ചടിയായത്. മെട്രോ വിഭാവനം ചെയ്ത സമയത്ത് ഇത് യാഥാർഥ്യമാകുന്നതോടെ പ്രതിദിനം ഒന്നര ലക്ഷത്തോളം യാത്രക്കാർ ഇതിനെ ആശ്രയിക്കുമെന്നായിരുന്നു കണക്ക്. എന്നാൽ, കേവലം 70,000 യാത്രക്കാർ മാത്രമാണ് നിലവിൽ പ്രതിദിനം ആശ്രയിക്കുന്നത്.
22 സ്റ്റേഷനിൽ 15 സ്റ്റേഷനിലെ തൊഴിലവസരം കണക്കാക്കിയാണ് ആറ് വർഷം മുമ്പ് ജില്ലയിലെ 38,000 കുടുംബശ്രീ അംഗങ്ങൾക്ക് എഴുത്ത് പരീക്ഷ നടത്തി അതിൽനിന്ന് 2000 പേരെ ഇൻറർവ്യൂ നടത്തി 1000 പേരുടെ റാങ്ക് ലിസ്റ്റ് തയാറാക്കിയത്. ഇവരിൽനിന്ന് ആദ്യ 700 പേർക്ക് കരാർ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നൽകി. മെട്രോയുടെ ഒമ്പത് സ്റ്റേഷൻകൂടി കമീഷൻ ചെയ്യുമ്പോൾ കൂടുതൽ പേർക്ക് തൊഴിലവസരമുണ്ടാകുമെന്ന് കണക്കാക്കിയെങ്കിലും അതുമുണ്ടായില്ല. മാത്രവുമല്ല, നിലവിലെ തൊഴിലാളികൾക്കുപോലും തൊഴിലവസരമില്ലാതാകുന്ന സാഹചര്യവുമായി.
ആനുകൂല്യങ്ങളും ശമ്പളവർധനയുമൊന്നും ഇല്ലാതായതോടെ നിയമനം ലഭിച്ച 700 പേരിൽ 568 പേരാണ് ഇപ്പോൾ മെട്രോയിൽ കരാർ തൊഴിലാളികളായുള്ളത്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളുമാണ്. ഇതേസമയം മെട്രോയിലെ സ്ഥിരം ജീവനക്കാരും ഉയർന്ന തസ്തികകളിലുള്ളവരും വൻതുകയാണ് ശമ്പളമായി വാങ്ങുന്നത്. ഇവരിൽ പലരും മറ്റിടങ്ങളിൽ നിന്ന് വിരമിച്ചവരുമാണ്. ഈ സാഹചര്യത്തിലാണ് കരാർ തൊഴിലാളികൾക്ക് നാമമാത്രമായ ശമ്പളം നൽകിയുള്ള ചൂഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.