ബ്രാഹ്മണരായിരുന്നെന്ന് കരുതുന്ന ക്രിസ്ത്യാനികളാണ് സംഘ്പരിവാറിനൊപ്പം നിൽക്കുന്നത് -ബിന്യാമിൻ

കോഴിക്കോട്: സംഘ്പരിവാര്‍ അജണ്ടയായ മുസ്‌ലിംവിരുദ്ധത കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്നതായി എഴുത്തുകാരൻ ബിന്യാമിൻ. സംഘ്പരിവാറിനോട് ചേർന്നുനിൽക്കുന്ന വലിയൊരു വിഭാഗം പൗരാണികമായി ബ്രാഹ്മണന്മാരായിരുന്നു എന്ന് വിശ്വസിക്കുന്ന സവർണ ക്രിസ്തീയ വിഭാഗങ്ങളാണെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

'കേരളത്തിലെ ക്രിസ്തീയ സഭകളുടെ നിലപാടുകളും അവരുടെ ഉള്ളിൽ നടക്കുന്ന ചർച്ചകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ആശയങ്ങളും ശ്രദ്ധിച്ചാൽ ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ഇസ്‌ലാം വിരുദ്ധതയുണ്ടാക്കുന്നത് സംഘ്പരിവാർ അജണ്ടയാണെന്ന് മനസ്സിലാകും. കാസ എന്ന സംഘടന ഉണ്ടാക്കിയിട്ടുള്ളത് ഒരുപക്ഷേ ഈ അജണ്ടയുടെ തുടർച്ചയായിട്ട് തെറ്റിദ്ധരിക്കപ്പെട്ട ക്രിസ്ത്യാനികളാലാണ്. അടുത്ത കാലം വരെ കേരളത്തിലെ ക്രിസ്ത്യാനികൾ ഇത്തരത്തിലെ പ്രചരണങ്ങൾക്ക് ഒരുതരത്തിലും നിന്ന് കൊടുക്കാത്തവരായിരുന്നു. ക്രിസ്തീയ സമൂഹത്തിന് മേൽകൈ ഉള്ള കച്ചവട മേഖലകൾ മുഴുവൻ മുസ്‌ലിംകൾ പിടിച്ചടക്കുന്നു എന്നതായിരുന്നു ആദ്യം സംഘ്പരിവാർ ഇറക്കിയ അജണ്ടകളിലൊന്ന്. പിന്നീട്, ലൗജിഹാദ്, കൈവെട്ട് കേസ്, ശ്രീലങ്കൻ സ്ഫോടനം തുടങ്ങിയ കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് ഇസ്‌ലാം വിരുദ്ധത ഉണ്ടാക്കി. കേരളത്തിലെ ഇടതുപക്ഷവും മറ്റു സാംസ്കാരിക പ്രവർത്തകരുമെല്ലാം ഇത് സൂക്ഷ്മമായി വിലയിരുത്തുന്നതിൽ പരാജയപ്പെടുകയോ അത് മനസ്സിലാക്കാതെ പോകുകയോ ചെയ്തു.'

'പ്രത്യക്ഷത്തിൽ മതേതരത്വം പറയുകയും എന്നാൽ പരോക്ഷമായി പിന്നിൽനിന്ന് ചെറിയ പേടിക്കേണ്ട സ്ഥിതി ഉണ്ട് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന വലിയൊരുപക്ഷം മതേതരവാദികളെയും കേരളീയ സമൂഹത്തിൽ കാണാം. അവരുടെ നിശ്ശബ്ദമായ പിന്തുണകൂടി ഇതിന് ഉണ്ട്. സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന ആശയങ്ങളെല്ലാം സത്യമാണെന്നും പേടിക്കേണ്ട സമൂഹമായി ഇസ്ലാം ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്നു എന്നുമുള്ള ആശയം ഇവിടുത്തെ ബുദ്ധിജീവി സമൂഹം പോലും വിശ്വസിച്ചുകൊണ്ടിരിക്കുകയും അതിന് നിശ്ശബ്ദമായി പിന്തുണ കൊടുക്കുകയും ചെയ്യുന്നുണ്ട്. 2040ൽ സംഘ്പരിവാർ എന്താണ് ലക്ഷ്യംവെക്കുന്നതെന്ന് നമ്മൾ ഇപ്പോൾ തന്നെ കാണുകയും പൊതുസമൂഹം ജാഗ്രതയുള്ളവരായിരിക്കുകയും അതിനെക്കുറിച്ച് ഉറക്കെ ഉറക്കെ സംസാരിക്കുകയും ചെയ്യണം' -ബിന്യാമിൻ പറഞ്ഞു.

'ക്രിസ്ത്യൻ സമൂഹം എപ്പോഴും സുരക്ഷിതമായി നിൽക്കാൻ ആഗ്രഹിക്കുന്ന സമൂഹമാണ്. ഭരണപക്ഷത്തിന് അനുകൂലമായി നിന്ന് പങ്കുപറ്റി ഗുണങ്ങൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന വിഭാഗമാണ്. ഇന്ത്യയിൽ ബി.ജെ.പി വളരുമ്പോൾ അതിനോട് പക്ഷം ചേരാനുള്ള സ്വാഭാവികതയുമുണ്ടാകും. ഇപ്പോൾ അതിനോട് ചേർന്നുനിൽക്കുന്ന വലിയൊരു വിഭാഗം സവർണ ക്രിസ്തീയ വിഭാഗങ്ങളാണ്. പൗരാണികമായി ബ്രാഹ്മണന്മാരായിരുന്നു എന്ന് വിശ്വസിക്കുന്ന ക്രിസ്തീയ വിഭാഗങ്ങളാണ് അവരോട് കൂടുതൽ അടുത്ത് നിൽക്കുന്നത്.'

എ.ഡി 52ൽ സെന്‍റ് തോമസ് വന്നു എന്ന് വിശ്വസിക്കുകയും അതിന്‍റെ പാരമ്പര്യം അവകാശപ്പെടുകയും ചെയ്യുന്നവരാണ് ബ്രാഹ്മണിക്കൽ ക്രിസ്ത്യാനികൾ എന്ന് പറയുന്ന സിറിയൻ ക്രിസ്ത്യൻസ്. അവർ ഒരിക്കലും കീഴ്ജാതിക്കാരെ തങ്ങളുടെ വംശത്തിന്‍റെ ഭാഗമായോ ക്രിസ്തീയതയുടെ ഭാഗമായോ കൂട്ടിയിരുന്നില്ല. പോർച്ചുഗീസുകാരുടെ ആഗമനത്തിനുശേഷം ബ്രിട്ടീഷ് മിഷണറിമാരുടെ ആഗമനത്തിനുശേഷവും ആണ് യഥാർത്ഥത്തിൽ ഇവിടുത്തെ ദലിത് കീഴാള വംശങ്ങൾ ക്രിസ്ത്യാനിറ്റിയിലേക്ക് വരുന്നത്. അവരെ ഒരുകാലത്തും തങ്ങളുടെ സഭയിലേക്ക് ചേർക്കുന്നതിന് ബ്രാഹ്മണിക്കൽ പാരമ്പര്യം ഉദ്ഘോഷിക്കുന്ന സഭകളൊന്നും തന്നെ ശ്രമിച്ചിരുന്നില്ല. ഇത്തരത്തിൽ നിന്നതുകൊണ്ടാണ് ദലിത് ക്രിസ്ത്യാനികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വലിയ തോതിൽ സമൂഹത്തിലേക്ക് ഉയർന്നുവരികയും ചെയ്യാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Benyamin about influence of Sangh Parivar agenda among Christian groups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.